എന്തിനോ വേണ്ടി പറക്കുന്ന തങ്കമണിയിലെ റോബോട്ടിക് ക്യാമറയും ഡ്രോണും
Entertainment
എന്തിനോ വേണ്ടി പറക്കുന്ന തങ്കമണിയിലെ റോബോട്ടിക് ക്യാമറയും ഡ്രോണും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th March 2024, 1:22 pm

ഉടലിന് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് തങ്കമണി. 1986ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. യഥാര്‍ത്ഥ സംഭവത്തില്‍ അല്പം ഫിക്ഷനും കൂടി ചേര്‍ത്തതാണ് സിനിമയുടെ കഥ. ദിലീപ് നായകനായെത്തിയ ചിത്രത്തിന് ആദ്യദിനം തൊട്ട് തന്നെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

പ്രേക്ഷകനുമായി യാതൊരു കണക്ഷനും ഉണ്ടാക്കാന്‍ സാധിക്കാത്ത പഴകിത്തേഞ്ഞ തിരക്കഥയാണ് സിനിമയുടേത്. അതോടൊപ്പം അഭിനേതാക്കളുടെ മോശം പ്രകടനവും കൂടി ചേരുമ്പോള്‍ ഈ വര്‍ഷത്തെ മോശം സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് തങ്കമണി. ടെക്‌നിക്കല്‍ മേഖലയിലും സിനിമ അമ്പേ പരാജയമാണ്. ചിത്രത്തിലെ മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം. ആളുകള്‍ക്ക് തീരെ ചേരാത്ത വിഗ്ഗും മേക്കപ്പുമെല്ലാം സിനിമയിലെ കല്ലുകടികളിലൊന്നാണ്.

എന്നാല്‍ കാലത്തിനോടൊപ്പം നടക്കുന്നു എന്ന് പറയിപ്പിക്കാന്‍ ശ്രമം നടത്തിയത് മനോജ് പിള്ളയുടെ ഛായാഗ്രഹണമാണ്. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ അതും മോശം ലെവലിലേക്ക് കൂപ്പുകുത്തി. ഇപ്പോള്‍ പല സിനിമകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈഗിള്‍ ഐ ഡ്രോണും, റോബോട്ടിക് ക്യാമറയും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇടവിട്ടുള്ള സീനുകളിലെ ഡ്രോണ്‍ ഷോട്ടുകള്‍ ആകാംക്ഷക്ക് പകരം മടുപ്പാണ് പ്രേക്ഷകരില്‍ ഉണ്ടാക്കുന്നത്.

മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വത്തിലാണ് റോബോട്ടിക് ക്യാമറ ഫൈറ്റ് സീക്വന്‍സുകളില്‍ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് വിക്രം, തല്ലുമാല സിനിമകളില്‍ ഇത്തരം ഫൈറ്റ് സീക്വന്‍സുകള്‍ വന്നിരുന്നു. അതെല്ലാം മികച്ച എക്‌സ്പീരിയന്‍സായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ തങ്കമണിയിലേക്ക് വന്നപ്പോള്‍ ആ ഫൈറ്റ് അസഹനീയമായാണ് തോന്നിയത്. അങ്ങേയറ്റം കൃത്രിമത്വം ആ ഫൈറ്റ് സീനില്‍ അനുഭവപ്പെട്ടു. ചുരുക്കത്തില്‍ പഴങ്കഞ്ഞിക്ക് മുകളില്‍ ടൊമാറ്റോ സോസ് ഒഴിച്ച അനുഭവമാണ് പഴകിത്തേഞ്ഞ സ്‌ക്രിപ്റ്റില്‍ ഇങ്ങനെ മോഡേണ്‍ ക്യാമറാ ടെക്‌നിക് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ തോന്നിയത്.

Content Highlight: Unwanted Eagle eye drone shots in Thankamani movie