ന്യൂദല്‍ഹി; ഇന്ത്യയില്‍ പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം അനാവശ്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹാത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന.
ഹാത്രാസ്, ബല്‍റാംപൂര്‍ സംഭവങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അതിനാല്‍ പുറത്തുനിന്നുള്ള ഒരു ഏജന്‍സിയുടെ അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
നേരത്തേ ഇന്ത്യയില്‍ പിന്നോക്ക സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളുടെ ഓര്‍മ്മപ്പെടുത്തലാണ് ഹാത്രാസും ബല്‍റാംപൂരുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണമെന്നും യു.എന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഹാത്രാസിലെയും ബല്‍റാപൂരിലെയും പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആ കുടുംബങ്ങള്‍ക്ക് നീതിയും സാമൂഹിക പിന്തുണയും ഉറപ്പ് വരുത്തണമെന്നും യു.എന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം പ്രതികള്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം പ്രശംസനീയമാണെന്നും ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് തുടരുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.എസ്.പിയും രംഗത്തെത്തിയിട്ടുണ്ട്. ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി പൊലീസ് ആക്രമിച്ചതിനെയും പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക