Entertainment
ആ നടന്‍ റൈഫിള്‍ ക്ലബിലെ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് 30 പുഷ് അപ്പ് എടുക്കും: ഉണ്ണിമായ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 20, 02:27 am
Friday, 20th December 2024, 7:57 am

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയുടെ കഥ എഴുതിയത്.

ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായി വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, പൊന്നമ്മ ബാബു, ഉണ്ണിമായ പ്രസാദ് തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്.

റൈഫിള്‍ ക്ലബിലെ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഹനുമാന്‍കൈന്‍ഡ് 30 പുഷ് അപ്പ് എടുക്കുമെന്ന് പറയുകയാണ് നടി ഉണ്ണിമായ പ്രസാദ്. പുഷ് അപ്പ് ചെയ്ത ശേഷം മാത്രമേ അദ്ദേഹം സ്ട്രഗിളിങ് സീനിലൊക്കെ അഭിനയിക്കുകയുള്ളൂവെന്നും ഉണ്ണിമായ പറഞ്ഞു. റൈഫിള്‍ ക്ലബിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടി.

‘അവന്‍ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഒരു 30 പുഷ് അപ്പ് എടുക്കും. എന്നിട്ട് മാത്രേ ആള് സ്ട്രഗിളിങ് സീനൊക്കെ അഭിനയിക്കുകയുള്ളൂ. അത്ര പാഷനേറ്റായി ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. വളരെ മികച്ച അനുഭവമായിരുന്നു ആ സിനിമയുടെ സമയത്ത് ഉണ്ടായിരുന്നത്,’ ഉണ്ണിമായ പ്രസാദ് പറഞ്ഞു.

താന്‍ ഇതിന് മുമ്പ് സ്റ്റേജിലാണ് പെര്‍ഫോം ചെയ്തിട്ടുള്ളതെന്നും ആ സമയത്ത് സ്‌റ്റേജില്‍ കയറും മുമ്പ് സാധാരണ 100 പുഷ് അപ്പ് എടുക്കാറുണ്ടെന്നും മറുപടിയായി ഹനുമാന്‍കൈന്‍ഡ് പറഞ്ഞു. അതേ ടെക്‌നിക്ക് സിനിമയിലും ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇതിന് മുമ്പ് സ്റ്റേജിലാണ് പെര്‍ഫോം ചെയ്തിട്ടുള്ളത്. സ്‌റ്റേജില്‍ കയറുന്നതിന്റെ മുമ്പ് നമ്മള്‍ സാധാരണ ഒരു 100 പുഷ് അപ്പ് എടുത്തിട്ടാണ് പോകാറുള്ളത്. ആ സെയിം ടെക്‌നിക്ക് ഇവിടെ ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആ സമയത്ത് ഷൂട്ട് ചെയ്യാനുള്ള സീന്‍ ഏതാണെന്ന് ചോദിച്ചാല്‍, എനിക്ക് വെടി കൊള്ളുന്ന സീനായിരുന്നു. അപ്പോള്‍ ഞാന്‍ കുറച്ച് പമ്പാകട്ടെ എന്ന് കരുതിയാണ് പുഷ് അപ്പ് എടുത്തത്,’ ഹനുമാന്‍കൈന്‍ഡ് പറഞ്ഞു.

Content Highlight: Unnimaya Prasad Talks About Hanumankind And Rifle Club Movie