പോസ്റ്ററുകളിലൂടെ ശ്രദ്ധ നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പന്തളമാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ വിതരണം.
നേരത്തെ ചിത്രത്തിന്റെ ചില പോസ്റ്ററുകളും അതിലെ വാചകങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററില്‍ ‘ഈ ചില്ല് കൂട്ടില്‍ഇരിക്കുന്നതെല്ലാം സവര്‍ണ പലഹാരങ്ങളാണോ?’ എന്നായിരുന്നു എഴുതിയിരുന്നത്. ചായക്കട പശ്ചാത്തലമാക്കിയായിരുന്നു ഈ പോസ്റ്റര്‍.
ഇതേ കുറിച്ച് സംവിധായകനോട് ചോദ്യമുയര്‍ന്നിരുന്നു. ‘സ്വന്തം രാഷ്ട്രീയം ഒഴിവാക്കികൊണ്ട് ആര്‍ക്കും ഒരിക്കലും സിനിമ ചെയ്യാനാകില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്റെ രാഷ്ട്രീയം ഈ വാചകത്തില്‍ വ്യക്തമാണ്. സിനിമയിലും അത് കാണാനാകും. അതേസമയം തന്നെ ഷെഫീക്കിന്റെ സന്തോഷം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. മികച്ച എന്റര്‍ടെയ്നറായി തന്നെയാണ് ചിത്രമൊരുക്കുന്നത്,’ എന്നായിരുന്നു അനൂപിന്റെ മറുപടി.
ഗുലുമാല്‍ എന്ന പ്രാങ്ക് പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അനൂപിന്റെ ആദ്യ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഗ്രാമീണ അന്തരീക്ഷത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും കോമഡിക്ക് ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എല്‍ദോ ഐസകാണ് ചിത്രത്തിന്റെ ക്യാമറ. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ദിവ്യ പിള്ളയും സ്മിനു സിജോയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight: Unni Mukundan’s new movie Shafeekkinte Santhosam will release in November 25th 2022