ഉന്നാവോ കേസ്: വിചാരണ എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയില്‍ ഇന്നാരംഭിക്കും
national news
ഉന്നാവോ കേസ്: വിചാരണ എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയില്‍ ഇന്നാരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 8:41 am

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാക്രമക്കേസിന്റെ വിചാരണ ദല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയില്‍ ഇന്നാരംഭിക്കും. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുക.

പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താല്‍ക്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ ദല്‍ഹി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.ബി.ഐയുടെയും പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന്റെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകും. രഹസ്യവിചാരണയായതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല. കോടതിക്ക് സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സെഷന്‍സ് ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ആണെന്ന പെണ്‍കുട്ടിയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. അപകടത്തിന് തൊട്ട് മുമ്പ് സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സി.ബി.ഐയോടാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

ജൂലൈ 28 നായിരുന്നു ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഉന്നാവോയില്‍ നിന്നും റായ്ബറേലിയിലേക്ക് പോയികൊണ്ടിരിക്കെ വാഹനം ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

കേസില്‍ അന്വേഷണം നേരിടുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ ബി.ജെ.പി സസ്പെന്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എം.എല്‍.എ അടക്കമുള്ളവര്‍ ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുന്നില്‍ പെണ്‍കുട്ടിയും അമ്മയും തീകൊളുത്താനും ശ്രമിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗറിനും സഹോദരനുമെതിരേ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.