ഉന്നാവോ ലൈംഗികാതിക്രമണം: യുവതിയുടെ സംസ്‌കാരം രാവിലെ; രാജ്യത്താകമാനം പ്രതിഷേധം ശക്തം
national news
ഉന്നാവോ ലൈംഗികാതിക്രമണം: യുവതിയുടെ സംസ്‌കാരം രാവിലെ; രാജ്യത്താകമാനം പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2019, 8:22 am

ന്യൂദല്‍ഹി: ഉന്നാവില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുന്നു. പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്ഘട്ടില്‍ നിന്നും ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. തുടര്‍ന്ന് ദല്‍ഹി പൊലീസ് പ്രക്ഷോഭകാരികള്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്.

മുന്‍കൂര്‍ അനുമതി തേടാത്തതിനാലാണ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞതെന്നാണ് പൊലീസ് വാദം.

ഉന്നാവോ സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമകേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ലൈംഗികാക്രമണക്കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40-ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരണപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ