'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിച്ചില്ല, പറ്റില്ലെങ്കില്‍ വീട്ടിലേക്ക് പോകാം; പ്രകോപിതയായി കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി
Kerala News
'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിച്ചില്ല, പറ്റില്ലെങ്കില്‍ വീട്ടിലേക്ക് പോകാം; പ്രകോപിതയായി കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd February 2024, 4:01 pm

കോഴിക്കോട്: ‘ഭാരത് മാതാ കീ ജയ്’ എന്ന് ഏറ്റു വിളിക്കാതിരുന്നതില്‍ പ്രകോപിതയായി കേന്ദ്ര വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി. സദസില്‍ ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ എന്ന് ചോദിച്ചുകൊണ്ട് മന്ത്രി പ്രകോപിതയാവുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ ‘എവേക് യൂത്ത് ഫോര്‍ നേഷന്‍’ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ നിങ്ങളെ എന്താണ് തടസപ്പെടുത്തുന്നതെന്നും മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലേക്ക് പോവാമെന്നും സദസിലിരുന്ന സ്ത്രീയോട് ക്ഷോഭിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സദസില്‍ ഉള്ളവരെകൊണ്ട് ഒന്നിലധികം തവണ ഭാരത് മാതാ കീ ജയ് എന്ന് മന്ത്രി വിളിപ്പിക്കുകയും ചെയ്തു.

2027 ആവുമ്പോക്കും ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും നിങ്ങളാണ് 2027നെ നയിക്കേണ്ടതെന്നും കോണ്‍ക്ലേവില്‍ മീനാക്ഷി ലേഖി പറഞ്ഞു. മോദിയുടെ ഗ്യാരന്റിയെന്നത് കേരളത്തിനുവേണ്ടി കൂടിയുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

തന്റെ ഹീറോ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണെന്നും മീനാക്ഷി ലേഖി വേദിയില്‍ പറഞ്ഞു. ഷബാനു കേസില്‍ മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാബിനറ്റില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ രാജി വെക്കുകയായിരുന്നുവെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ആ കാലത്ത് താന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ഇന്ന് മുത്തലാഖ് നിര്‍ത്തലാക്കിയ മന്ത്രി സഭയില്‍ അംഗമാകാന്‍ തനിക്ക് സാധിച്ചുവെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖം കേരളത്തിലെ മികച്ച തുടക്കമാണെന്നും കോഴിക്കോടിന് അത്തരത്തിലൊരു പുതിയ തുറമുഖം ആവശ്യമാണെന്നും കേന്ദ്ര മാന്തി പറയുകയുണ്ടായി. മനുഷ്യശേഷി മാത്രമല്ല ചരക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടാവണമെന്നും മീനാക്ഷി ചൂണ്ടിക്കാട്ടി.

Content Highlight: Union Minister Meenakshi Lekhi was furious at not chanting Bharat Mata Ki Jai