ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിനെതിരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്ന നിലപാട് കേന്ദ്രം കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ സംസ്‌കാരത്തിനും ജീവിതരീതിക്കും സ്വവര്‍ഗ വിവാഹം എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
‘ഒരേ ലിംഗത്തിലുള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ കുറ്റകരമല്ലെങ്കിലും, അതിനെ വിവാഹത്തിന്റെ പരിതിയിലേക്ക് കൊണ്ടുവരിക സാധ്യമല്ല. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ഇന്ത്യന്‍ കുടുംബ യൂണിറ്റ് സങ്കല്‍പ്പവുമായി താരതമ്യപ്പെടുത്താനാവുന്ന ഒന്നല്ല,’ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഇത് വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ വരില്ലെന്നും കേന്ദ്രം നിലപാടെടുത്തു.