2024ല്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ചന്തു സലിംകുമാര്‍. ചിത്രത്തിലെ അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന് വലിയ റീച്ച് നേടിക്കൊടുത്തിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളായ സലിംകുമാറിന്റെ മകനാണ് ചന്തു. ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ സലിംകുമാറിന്റെ ബാല്യം അവതരിപ്പിച്ചത് ചന്തുവായിരുന്നു.
ഈ വര്‍ഷം ചന്തു അഭിനയിച്ച് തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു പൈങ്കിളി. ജിത്തു മാധവന്‍ എഴുതി ശ്രീജിത്ത് ബാബു ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയില്‍ ചന്തു കുഞ്ഞായി എന്ന കഥാപാത്രമായാണ് എത്തിയത്.
സജിന്‍ ഗോപു, അനശ്വര രാജന്‍, ജിസ്മ വിമല്‍, റോഷന്‍ ഷാനവാസ് എന്നിവരായിരുന്നു പൈങ്കിളിയില്‍ പ്രധാനവേഷത്തില്‍ എത്തിയ മറ്റു താരങ്ങള്‍. സിനിമയില്‍ വളരെ ലൗഡായ കഥാപാത്രമായിരുന്നു ചന്തുവിന്റേത്.
ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുക എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചന്തു. ലൗഡ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്നും അഭിനയിച്ച് ഫലിപ്പിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ബോറടിയാകുമെന്നാണ് ചന്തു പറയുന്നത്.
സിനിമ കണ്ടപ്പോള്‍ സംഭവം കൊള്ളാം എന്നായിരുന്നു അച്ഛനായ സലിംകുമാര്‍ പറഞ്ഞതെന്നും നടന്‍ പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്തു സലിംകുമാര്‍.
‘ലൗഡ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. അത്തരം കഥാപാത്രങ്ങള്‍ നന്നായി അഭിനയിച്ച് ഫലിപ്പിക്കുക തന്നെ വേണം. അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് അത് ബോറടിയാകും.
അച്ഛനും ഹരിശ്രീ അശോകന്‍ ചേട്ടനും ഹനീഫിക്കയും ജഗതി സാറുമെല്ലാം ചെയ്തുവെച്ച ക്യാരക്ടറുകള്‍ മുന്നിലുണ്ട്. അതുമായി താരതമ്യം ചെയ്യപ്പെടും. അതുകൊണ്ട് ശ്രദ്ധിച്ചാണ് പൈങ്കിളിയിലെ കുഞ്ഞായിയെ അവതരിപ്പിച്ചത്.
മൊത്തത്തിലുള്ള സിനിമയുടെ സ്വഭാവം ലൗഡാണ്. എല്ലാവരും കുറച്ച് ഓവര്‍ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ചെറുതായി ഒന്ന് വീഴുന്നതിന് പകരം കമിഴ്ന്നടിച്ചു വീഴുന്ന ശൈലിയാണ്. മലയാളത്തില്‍ ഇത്തരത്തിലുള്ള സിനിമ വന്നിട്ട് കുറച്ച് കാലമായി.
പൈങ്കിളിയില്‍ ഉപയോഗിച്ച പല ഡയലോഗുകളും നമ്മള്‍ നിത്യജീവിതത്തില്‍ പറയുന്നവ തന്നെയാണ്. ഒരു കണക്കിന് പറഞ്ഞാല്‍ പൈങ്കിളി ഒരു സ്പൂഫ് കൂടിയാണ്. സിനിമ കണ്ടപ്പോള്‍ സംഭവം കൊള്ളാം എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്,’ ചന്തു സലിംകുമാര്‍ പറയുന്നു.
Content Highlight: Chandhu Salimkumar Talks About Painkili Movie And Salimkumar