D' Election 2019
യു.ഡി.എഫ് തരംഗത്തില്‍ പൊളിഞ്ഞുവീണത് നാല് ഇടതുകോട്ടകള്‍; കാസര്‍കോട് ഇടതിനെ കൈവിടുന്നത് 35 വര്‍ഷത്തിനുശേഷം
കോഴിക്കോട്: കേരളത്തിലുണ്ടായ യു.ഡി.എഫ് തരംഗത്തില്‍ പൊളിഞ്ഞത് രണ്ടും മൂന്നും ദശാബ്ദക്കാലം ഇടതിനൊപ്പം നിന്ന കോട്ടകള്‍. കാസര്‍കോട്, ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളാണ് ഇത്തവണ വര്‍ഷങ്ങള്‍ക്കുശേഷം യു.ഡി.എഫിനൊപ്പം പോയത്.
കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും കാസര്‍കോട് ഇടതിനെ കൈവിട്ടിരുന്നില്ല. ആറ്റിങ്ങലാകട്ടെ, 30 വര്‍ഷമാണ് ഇടതിനൊപ്പം നിന്നത്. ആലത്തൂര്‍ 26 വര്‍ഷമായും പാലക്കാട് 23 വര്‍ഷമായും ഇടതുപക്ഷത്തിനൊപ്പം നിന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ കാസര്‍കോട്
40,438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എല്‍.ഡി.എഫിന്റെ സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. സി.പി.ഐ.എമ്മിന്റെ ഉരുക്കുകോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന കല്ല്യാശ്ശേരിയില്‍പ്പോലും 13,694 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എല്‍.ഡി.എഫിനു നേടാനായുള്ളൂ.
കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയെങ്കിലും ഉദുമയില്‍ എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ അവര്‍ മൂന്നാംസ്ഥാനത്തുമായി.
കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ടി. സിദ്ദിഖിനെതിരേ 6921 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി. കരുണാകരന്‍ നേടിയത്. അന്നുമുതല്‍ത്തന്നെ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വാധീനം കുറയുന്നതിന്റെ സൂചനയുണ്ടായിരുന്നു.
20094-ല്‍ ഷാഹിദാ കമാലിനെ 64,427 വോട്ടിനാണ് പി. കരുണാകരന്‍ പരാജയപ്പെടുത്തിയത്. അതില്‍ നിന്നാണ് 2014-ലെ ചെറുഭൂരിപക്ഷത്തിലേക്കെത്തിയത്.
സമ്പത്തിനെ വീഴ്ത്തി അടൂര്‍ പ്രകാശ്
39,171 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എല്‍.ഡി.എഫ് ഉറപ്പിച്ച ആറ്റിങ്ങല്‍ സീറ്റ് യു.ഡി.എഫ് കൈപ്പിടിയിലൊതുക്കിയത്. സിറ്റിങ് എം.പി എ. സമ്പത്തിലൂടെ മണ്ഡലം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്.
യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് 3,79,469 വോട്ടും സമ്പത്ത് 3,04,298 വോട്ടും നേടിയപ്പോള്‍ ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന്‍ 2,56,502 വോട്ട് നേടി.
1991-നുശേഷം തുടര്‍ച്ചയായി ഏഴു തവണയായി സി.പി.ഐ.എം പിടിച്ചടക്കിയ മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞതവണ യു.ഡി.എഫിന്റെ അഡ്വ. ബിന്ദു കൃഷ്ണയെ തോല്‍പ്പിച്ചായിരുന്നു സമ്പത്തിന്റെ വിജയം. ആറ്റിങ്ങല്‍, വര്‍ക്കല, ചിറയന്‍കീഴ്, നെടുമങ്ങാട് മണ്ഡലങ്ങളാണ് കഴിഞ്ഞതവണ സമ്പത്തിനൊപ്പം നിന്നത്. എന്നാല്‍ ഇതെല്ലാം ഇത്തവണ അടൂര്‍ പ്രകാശിനൊപ്പം പോയി.
16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 11 എണ്ണത്തിലും ആറ്റിങ്ങല്‍ ചുവപ്പണിഞ്ഞിരുന്നു. 1957-ല്‍ എം.കെ കുമാരനിലൂടെയായിരുന്നു ആദ്യമായി അതു സംഭവിച്ചത്.
ബിജുവിനെ വീഴ്ത്തി രമ്യ
ഇത്തവണ ശക്തമായ മത്സരം നടക്കുമെന്നു കരുതിയിരുന്ന ആലത്തൂരില്‍ ആധികാരിക ജയമായിരുന്നു യു.ഡി.എഫിന്റെ രമ്യാ ഹരിദാസ് നേടിയത്. കഴിഞ്ഞതവണ എല്‍.ഡി.എഫിന്റെ പി.കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷം രമ്യ മറികടന്നത് 1,58,968 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ്. അതും, ബിജുവിനെത്തന്നെ പരാജയപ്പെടുത്തിക്കൊണ്ട്.
2008-ലാണ് ആലത്തൂര്‍ മണ്ഡലമുണ്ടായത്. അതിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജുവിനായിരുന്നു ജയം. അവിടെയാണ് രമ്യ തന്റെ കന്നിയങ്കത്തില്‍ വിജയം കണ്ടത്.
മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു രമ്യയുടെ വിജയം. തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങൡും കഴിഞ്ഞതവണ കോണ്‍ഗ്രസ് പിന്നിലായിരുന്നുവെന്നതാണു വസ്തുത. ആലത്തൂര്‍ മണ്ഡലമുണ്ടാകുന്നതിനു മുന്‍പ് ഒറ്റപ്പാലമായിരുന്ന ലോക്‌സഭാ മണ്ഡലം 1993 മുതല്‍ ഇടതിനൊപ്പമായിരുന്നു.
5,33,815 വോട്ടാണ് ഇത്തവണ രമ്യ നേടിയത്. കഴിഞ്ഞതവണ യു.ഡി.എഫ് നേടിയത് 3,74,496 വോട്ടാണ്. ബിജുവിനു ലഭിച്ചതാകട്ടെ, 3,74,847 വോട്ടും. കഴിഞ്ഞതവണ 4,11,808 വോട്ടാണ് എല്‍.ഡി.എഫ് നേടിയത്. ബി.ഡി.ജെ.എസിന്റെ ടി.വി ബാബു നേടിയത് 89,837 വോട്ടാണ്. കഴിഞ്ഞതവണത്തേക്കാള്‍ വെറും 2034 വോട്ട് അധികം.
പാലക്കാടിന്റെ ഉറച്ച മണ്ണില്‍ ശ്രീകണ്ഠന്‍
എല്‍.ഡി.എഫിനു കേരളത്തില്‍ തകര്‍ച്ച പ്രവചിച്ച എക്‌സിറ്റ് പോളുകളില്‍ പോലും സംശയഭേദമന്യേ അവര്‍ക്കായി നല്‍കിയ സീറ്റാണ് പാലക്കാട്. അവിടെയാണ് വി.കെ ശ്രീകണ്ഠനിലൂടെ യു.ഡി.എഫ് അട്ടിമറിവിജയം നേടിയത്. 11,637 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിറ്റിങ് എം.പി എം.ബി രാജേഷിനെ ശ്രീകണ്ഠന്‍ പരാജയപ്പെടുത്തിയത്.
3,99,274 വോട്ടാണ് ശ്രീകണ്ഠനു ലഭിച്ചത്. രാജേഷിന് 3,87,637 വോട്ടാണ് രാജേഷിനു ലഭിച്ചത്. ബി.ജെ.പിയുടെ സി. കൃഷ്ണകുമാര്‍ 2,18,556 വോട്ട് നേടി.
കഴിഞ്ഞതവണ രാജേഷിന് ലീഡ് ലഭിച്ച പട്ടാമ്പി, പാലക്കാട്, മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തവണ ശ്രീകണ്ഠന്‍ ലീഡ് നേടി.