മലയാളിയുടെ കപടസദാചാരബോധങ്ങൾക്ക് നേരെ കണ്ണുതുറന്ന് അങ്കിൾ
Film Review
മലയാളിയുടെ കപടസദാചാരബോധങ്ങൾക്ക് നേരെ കണ്ണുതുറന്ന് അങ്കിൾ
ശ്രീരാഗ് കക്കാട്ട്
Friday, 27th April 2018, 11:56 pm

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു ചെറിയ ബൈക്ക് ട്രിപ്പ് കഴിഞ്ഞ് കൂടെയുളള പെണ്‍കുട്ടികളെ ഒരു ബസ് സ്റ്റോപ്പില്‍ ഡ്രോപ്പ് ചെയ്ത് പോയി. കൂട്ടത്തില്‍ ഒരു കുട്ടിയുടെ ബാഗ് കൈയില്‍ പെട്ടതിനാല്‍, അത് തിരിച്ച് കൊടുക്കാനായി ഞങ്ങള്‍ ചെല്ലുമ്പോള്‍ കാണുന്നത് സമീപത്തെ ഓട്ടോഡ്രൈവര്‍മാര്‍ ഈ പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നതാണ്. ആണ്‍കുട്ടികളുടെ ബൈക്കിന് പിന്നിലിരുന്നത് മുതല്‍ അതിലൊരു കുട്ടിയുടെ തട്ടം വരെ പലതുമാണ് അവരെ അന്ന് ചൊടിപ്പിച്ചത്.

അത്തരത്തിലുളള മലയാളിയുടെ ജന്മസിദ്ധമായ സംശയങ്ങളിലൂന്നിയ സദാചാര ബോധങ്ങളെയും, ഒന്നിനുപിറകെ ഒന്നായി നവാഗതസംവിധായകര്‍ക്ക് അവസരം കൊടുക്കുകയെന്ന പേരില്‍ (ചാരിറ്റി ആണെന്നാണ് ആരാധകഭാഷ്യം!) തുടര്‍ച്ചയായി മോശം സിനിമകള്‍ക്ക് തലവെച്ചുകൊടുത്ത വലിയ ഒരു പേര്‍സോണ ഉളള ഒരു നടനെയും, കൃത്യമായി ഉപയോഗിക്കാനായി എന്നതാണ് “അങ്കിള്‍” എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഏറ്റവും വലിയ വിജയം.

ആദ്യ പകുതിയില്‍ സംവിധായകന്‍ മലയാളിപ്രേക്ഷകന്റെ മനസ്സിലെ വിരോധാഭാസങ്ങളെയും ചാപല്യങ്ങളെയുമാണ് വിദഗ്ദ്ധമായി കീറിമുറിക്കുന്നതെന്കില്‍, രണ്ടാം പകുതിയില്‍ പ്രേക്ഷകരടങ്ങുന്ന സമൂഹത്തിന്റെ തന്നെ ഒരു വിഭാഗം, സോ-കോള്‍ഡ് സൊസൈറ്റി, അതിന്റെ ഏറ്റവും മൃഗീയമായ രൂപത്തില്‍ സ്‌ക്രീനിലേക്ക് കടന്നുവരുന്നു. അവിടെ ആരാധകര്‍ പ്രതീക്ഷിക്കുന്നതു പോലെ സൂപ്പര്‍സ്റ്റാറിനെക്കൊണ്ട് നെടുനീളന്‍ ഡയലോഗുകള്‍ പറയിക്കുന്നില്ലെന്നു മാത്രമല്ല, അയാള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന പോലെ നിസ്സഹായനുമാണ്. അവിടെയാണ് സംവിധായകന്‍ തന്നെയാണ് ഒരു പടത്തിലെ റിയല്‍ ഹീറോ എന്ന് തെളിയുന്നതും.

 


FILM REVIEW  ചിരിപ്പിക്കുന്ന അരവിന്ദന്റെ അതിഥികള്‍


 

മമ്മൂട്ടി എന്ന നടന്റെ, സ്‌ക്രീന്‍ പ്രസന്‍സ് ഒഴിച്ചുനിര്‍ത്താനാവില്ലെങ്കിലും, തുടക്കം മുതല്‍ ഒടുക്കം വരെ സപ്പോര്‍ട്ടിങ് കാസ്റ്റ് ആണ് ഈ സിനിമയുടെ താരം എന്ന് തറപ്പിച്ച് പറയാം. ഒരു റോഡ് മൂവി എന്ന് പറയാവുന്ന സിനിമയില്‍ ഉടനീളം മമ്മൂട്ടിയുടെ കൃഷ്ണകുമാര്‍ അങ്കിള്‍ എന്ന കഥാപാത്രത്തിന് ഒപ്പം ഉളള കഥാപാത്രമായ ശ്രുതിയെ അവതരിപ്പിച്ച കാര്‍ത്തിക മുരളീധരന്റെ ഇമ്മച്യൂരിറ്റി കലര്‍ന്ന അഭിനയം ഇവിടെ കൃത്യമായി വര്‍ക്ക് ആവുന്നുണ്ട്. ദുല്‍ഖര്‍ ചിത്രം സി.ഐ.എയില്‍ കാര്‍ത്തിക അവതരിപ്പിച്ച കഥാപാത്രത്തിന് പൊതുവിലും അവരുടെ കെമിസ്ട്രി യിലും വര്‍ക്കൗട്ടാവാതെ പോയ എന്തോ ഒന്ന്, ആ ഒരു എക്‌സ്ട്രാ സംതിങ് മമ്മൂട്ടി – കാര്‍ത്തിക കോമ്പിനേഷനില്‍ നിന്നും കിട്ടുന്നുണ്ട്. ശ്രുതി എന്ന കഥാപാത്രത്തിന്റെ രക്ഷിതാക്കള്‍ ആയി വന്ന മുത്തുമണിയും സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യുവും വൈകാരികരംഗങ്ങളില്‍ പോലും കഥാപാത്രങ്ങളെ കൈയില്‍ നിന്ന് പോവാതെ ഭദ്രമായി കൈകാര്യം ചെയ്തിട്ടുണ്ട്.

കൃഷ്ണകുമാര്‍ അങ്കിള്‍ എന്ന കഥാപാത്രത്തിന്റെ ചരിത്രം പ്രേക്ഷകന്‍ അറിയുന്നത്, മറ്റുളളവരിലൂടെയാണ്, കൃത്യമായി വരച്ചിടപ്പെടാത്ത ആ ഭൂതകാല ചരിത്രം വെച്ചാണ് അയാളെ, അയാളുടെ ചേഷ്ടകളെ പ്രേക്ഷകന്‍ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ, മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ എത്ര നന്മ ഉണ്ടെന്ന് വിശ്വസിക്കണമെന്നുണ്ടെങ്കിലും, പിന്നെയും പ്രേക്ഷകന് സംശയിക്കാനിട വരുത്തുന്ന തരം ഒരു അണ്‍പ്രെഡിക്റ്റബിലിറ്റി ആദ്യ പകുതി മൊത്തം സിനിമയില്‍ വര്‍ക്ക് ഔട്ട് ആയിരിക്കുന്നു.അതിന് ഒരേസമയം സംവിധായകനും തിരക്കഥാകൃത്തും അത് ആ തരത്തില്‍ തന്നെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച അഭിനേതാവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

 



 

ഒന്നുരണ്ടിടത്ത് സിനിമയാണോ മാത്തുക്കുട്ടിയുമായുളള ഇന്റര്‍വ്യൂ ആണോന്ന് വരെ തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം നല്ല ഒന്നാന്തരം ചളികളടിച്ച് റിയാലിറ്റി യിലെന്ന പോലെ ബിഹേവ് ചെയ്യുന്നുണ്ട് അദ്ദേഹം. അവിടെ പോലും, ഒരല്‍പം അസഹനീയമെന്ന തോന്നലുളവാക്കുന്നുവെങ്കിലും ആ കഥാപാത്രത്തിന് അത് കൃത്യമായി യോജിക്കുന്നുമുണ്ട് എന്നതാണ് പാത്രസൃഷ്ടിയുടെ വിജയവും. മറ്റു പല സിനിമകളിലെയും പോലെ അമിതനന്മ നിറഞ്ഞ കഥാപാത്രമാകാതെ, അല്ലറ ചില്ലറ കുഞ്ഞു OCD മുതല്‍ പല പെര്‍ഫെക്ഷനുകളില്ലായ്മകള്‍ ഉളളതും മമ്മൂട്ടി എന്ന നടന് അനുകൂലമായി വര്‍ത്തിക്കുന്നുണ്ട്.

ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ സിനിമ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. സമീപകാലത്ത് പാര്‍ട്ടിപടങ്ങള്‍ എന്ന പേരും പറഞ്ഞ് വന്ന പ്രഹസനങ്ങളേക്കാള്‍ നന്നായി ഇടതുപക്ഷ, അല്ലെങ്കില്‍ കണ്ണൂരിന്റെ സത്വമുളള പാര്‍ട്ടി ബേസ്ഡ് രാഷ്ട്രീയത്തെ വരച്ചിടുന്നതില്‍ രണ്ടേ രണ്ട് സന്ദര്‍ഭങ്ങള്‍ കൊണ്ട് തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. അതുമായി രാഷ്ട്രീയപരമായി ഐക്യപ്പെടാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് അതല്‍പം അരോചകമായി തോന്നാമെന്നതും സത്യം.

മൊറാലിറ്റിയുടെ കാര്യത്തില്‍ ജാതിയില്ലെന്ന് സിനിമ തന്നെ പറയുന്നുണ്ടെങ്കിലും, തത്വത്തില്‍ അതിന് ഇന്ന രാഷ്ട്രീയമെന്നുമില്ലെന്നതാണല്ലോ വസ്തുത. ജനങ്ങളുടെ മനസ്സില്‍, അതും കണ്ണൂര്‍ പോലെ രാഷ്ട്രീയം ജീവവായു ആയി കരുതുന്നവരുടെ ഉളളില്‍, ജനപ്രതിനിധികള്‍ക്കുളള സ്ഥാനം എന്നൊക്കെ ഉപരിപ്ലവമായി പറയാം എങ്കിലും അത്തരം ഡയലോഗുകള്‍ അനാവശ്യ ഗ്ലോറിഫൈയിങ് ആയി ചിലര്‍ക്കെങ്കിലും തോന്നിയാലും കുറ്റം പറയാനൊക്കില്ല.

കേരളാ ബോര്‍ഡര്‍ താണ്ടുന്നതിന് മുന്‍പ് പിന്‍പ് എന്ന് സിനിമയെ തിരിച്ചാല്‍ സിനിമ പറയാതെ പറയുന്ന ആത്മവിമര്‍ശനവും കാണാം. കാടിന്റെ മക്കളും നാട്ടുകാരും തമ്മിലുള്ള സ്വഭാവത്തില്‍ ഉളള അന്തരമാണ് പറയാന്‍ ശ്രമിച്ച മറ്റൊരു കാര്യം. ഇവിടെയും ഓവര്‍ സെന്റിമെന്റല്‍ ആക്കാതെ, മറ്റു കഥാപാത്രങ്ങളെ കാണിക്കും പോലെത്തന്നെ കാണിച്ചുകൊണ്ട് തന്നെ പറയാനുദ്ദേശിച്ചത് വ്യക്തമാകുന്നുമുണ്ട്.

എന്നാല്‍ സിനിമയിലുടനീളം നീണ്ടുനിന്ന ഫോണ്‍കോളുകളും (ഒരു പക്ഷെ മറ്റൊരു സിനിമയിലുമില്ലാത്തത്രയും ഫോണ്‍ സംഭാഷണങ്ങള്‍), കെ.പി.എ.സി ലളിത അവതരിപ്പിച്ച വല്ല്യമ്മച്ചി മുതല്‍ വേലക്കാരി വരെ പ്രകടിപ്പിക്കുന്ന സംശയങ്ങളും, ക്ലൈമാക്‌സിലെ മോബ് വയലന്‍സുമെല്ലാം വിരല്‍ ചൂണ്ടുന്നത് – അവനവന്‍ ലോകത്ത് വളര്‍ന്നുവരുന്ന വിശ്വാസമില്ലായ്മകളിലേക്കാണ്. അവിടെയാണ്, അതിന്റെ ഒരേകദേശ രൂപരേഖ നല്‍കുന്നതിനാലാണ്, അങ്കിള്‍ വിജയിക്കുന്നതും.

മഹത്തായ സിനിമ എന്ന അവകാശവാദങ്ങളൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ക്കോ ആസ്വാദകനെന്ന നിലയില്‍ എനിക്കോ ഇല്ലെന്കിലും, വളരെ നല്ല ഒരു ശ്രമം തന്നെയാണ് അങ്കിള്‍. മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ ഇതൊരു ചാലഞ്ചിങ് കഥാപാത്രമൊന്നുമല്ലെന്കിലും, ശരിയായ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങാന്‍ ഇനിയെങ്കിലും കഴിയുമെന്ന പ്രതീക്ഷ നല്‍കുന്ന സിനിമയും കഥാപാത്രവും തന്നെയാണ് ഇത്. ആ ഒരു ഇന്റ്യൂഷനിലാണ് പടം കാണാന്‍ വെച്ചുപിടിച്ചതും. സിനിമറ്റോഗ്രഫിയും പശ്ചാത്തലസംഗീതവുമെല്ലാം, ഈയടുത്തിറങ്ങുന്ന എല്ലാ മലയാളസിനിമകളിലെയുമെന്ന പോലെത്തന്നെ നല്ലതായി നിലനിന്നു. ഗിരീഷ് ദാമോദര്‍ എന്ന സംവിധായകനില്‍ നിന്ന് തുടര്‍ന്നും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.