റാഞ്ചി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്‌ലറ്റ് പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡ് ജനാധികാര്‍ സഭയാണ് മിഷേല്‍ ബാച്ച്‌ലെറ്റിന്റെ പ്രസ്താവന മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയില്‍ പറയുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നതെന്നും മിഷേല്‍ ബാച്ച്‌ലെറ്റ് പറഞ്ഞു.
പൗരത്വഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 1500 ഓളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതില്‍ പലര്‍ക്കെതിരെയും അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ എതിര്‍പ്പു രേഖപ്പെടുത്തിയ യു.എ.പി.എ നിയമമാണ് ചുമത്തിയിരിക്കുന്നത്.
അതേ സമയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളി.
പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ളവ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും ഇന്ത്യയ്ക്ക് സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഒക്ടോബര്‍ എട്ടിനാണ് ദേശീയ അന്വേഷണ ഏജന്‍സി ഭീമ കൊറേഗാവ് അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട കേസില്‍ 82കാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്.