ജറൂസലേം: മസ്ജിദുല്‍ അഖ്സയില്‍ ഫലസ്തീനുകള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. ആരാധനാലയങ്ങളോട് ഇസ്രാഈല്‍ കുറച്ച് ആദരവു കാണിക്കണമെന്ന് യു.എന്‍ പൊതുസഭാ പ്രസിഡന്റ് വോള്‍കാന്‍ ബോസ്‌കിര്‍ പ്രതികരിച്ചു.
‘റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്സ മസ്ജിദില്‍ ഇസ്രാഈല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ ദുഃഖിതനാണ്. അല്‍ അഖ്സ അടക്കം എല്ലാ ആരാധനാലയങ്ങളോടും ആദരവു കാണിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 180 കോടി മുസ്‌ലീങ്ങളുടെ വിശുദ്ധ ഇടമാണത്,’ ബോസ്‌കിര്‍ പറഞ്ഞു.
കിഴക്കന്‍ ജറൂസലേമിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നിര്‍ത്തണമെന്നും നിലവിലെ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരുമെന്നും യു.എന്‍ വക്താവ് റൂപര്‍ട്ട് കോല്‍വിലെ പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് സൗദിയും തുര്‍ക്കിയും ഇറാനും രംഗത്തെത്തിയിരുന്നു. അമേരിക്കയും ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. ‘രക്തച്ചൊരിച്ചിലുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ ഇസ്രാഈലിനോടും ഫലസ്തീനോടും അഭ്യര്‍ത്ഥിക്കുന്നു,’ യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞു.
കിഴക്കന്‍ ജെറുസലേമിലിന്റെ ചില ഭാഗങ്ങളിലും മസ്ജിദുല്‍ അഖ്‌സയിലുമുണ്ടായ ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ 178ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചരുന്നു. ജെറുസലേമിനെച്ചൊല്ലി ഇസ്രാഈലും ഫലസ്തീനികളും തമ്മില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രദേശത്ത് സംഘര്‍ഷം കൂടിയിരുന്നു.
മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രാഈല്‍ സേന എറിയുകയായിരുന്നു. ഇസ്രാഈലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇസ്രാഈല്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആകെ 178 ഫലസ്തീനികള്‍ക്കും ആറ് ഇസ്രാഈല്‍ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് അല്‍-ജസീറ റിപോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റ ഫലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക