ഇന്ത്യന്‍ ദേശീയ ടീമിലേക്ക് നിരവധി താരങ്ങളെയാണ് ഐ.പി.എല്‍ സംഭാവന ചെയ്തിട്ടുള്ളത്. അറിയപ്പെടാതെ പോവുന്ന ഒട്ടേറെ താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടാനും അംഗീകരിക്കപ്പെടാനും ഐ.പി.എല്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഓരോ സീസണിലേയും എമേര്‍ജിംഗ് പ്ലെയറെ കണ്ടെത്തുന്നതിലും ഐ.പി.എല്‍ ഏറെ ശ്രദ്ധ വെച്ചു പുലര്‍ത്തുന്നുണ്ട്. അത്തരത്തില്‍ പതിനഞ്ചാം ഐ.പി.എല്‍ സമ്മാനിച്ച താരമാണ് സണ്‍റൈസേഴ്‌സിന്റെ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്.
ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ത്തെണീറ്റുവന്ന താരമാണ്. കോസ്‌കോയുടെ ടെന്നീസ് ബോളില്‍ മാത്രം എറിഞ്ഞു ശീലിച്ച, ക്രിക്കറ്റില്‍ അടിസ്ഥാനമായ പരിശീലനം പോലും ലഭിച്ചിട്ടില്ലാത്ത താരമാണ് ഉമ്രാന്‍ മാലിക്.
വന്യമായ വേഗതയാണ് ഉമ്രാന്റെ ഡെലിവറികളുടെ ഏറ്റവും വലിയ പ്രത്യേകത. മത്സരം ഏതുമായിക്കൊള്ളട്ടെ, ആര്‍ക്കെതിരെയുമായിക്കൊള്ളട്ടെ ഏറ്റവും വേഗതയേറിയ ഡെലിവറിയുടെ ഉടമ അത് ഉമ്രാന്‍ തന്നെയായിരിക്കും.
ആദ്യ മത്സരങ്ങളില്‍ റണ്‍സ് വഴങ്ങിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളായിരുന്നു താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. എന്നാല്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്ന ലോകത്തിലെ എക്കാലത്തേയും മികച്ച പേസറുടെ ശിക്ഷണം ഉമ്രാനെ ഏറ്റവും ആക്രമണകാരിയായ ബൗളറാക്കിയാണ് മാറ്റിയത്.
കൃത്യമായ ലൈനും ലെംഗ്തും കീപ് ചെയ്യുന്ന, ഒന്നിന് പിന്നാലെ ഒന്നായി ടോ ക്രഷിംഗ് യോര്‍ക്കറുകളെറിയുന്ന ഐ.പി.എല്ലിലെ ഏതൊരു ബാറ്ററുടേയും പേടി സ്വപ്‌നമാണ് ഉമ്രാനിപ്പോള്‍. കഴിഞ്ഞ മത്സരത്തിലെ പ്രകടനം മാത്രം മതി ഉമ്രാന്റെ വളര്‍ച്ചയുടെ ഗ്രാഫ് എന്താണെന്നറിയാന്‍.
നാല് ഒാവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം 5 വിക്കറ്റ് വീഴ്ത്തിയത്. അഞ്ചില്‍ നാലും ക്ലീന്‍ ബൗള്‍ഡാണെന്നതാണ് മറ്റൊരു വസ്തുത. ഇതുകൊണ്ടുതന്നെയാണ് കഴിഞ്ഞ മത്സരത്തില്‍ ‘ഹി ഈസ് ഷൂട്ടിംഗ് റോക്കറ്റ്‌സ് റ്റു ദി വിക്കറ്റ്‌സ്’ എന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
HE’S GOT 5️⃣ WICKETS. WE REPEAT. HE’S GOT 5️⃣ WICKETS. 🔥🧡#JammuExpress #GTvSRH #OrangeArmy #ReadyToRise #TATAIPL pic.twitter.com/hPJhkIfeTF
— SunRisers Hyderabad (@SunRisers) April 27, 2022
വൃദ്ധിമാന്‍ സാഹ, ശുഭ്മന്‍ ഗില്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍ എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ കേവലം 10 റണ്‍സിന് മാര്‍ക്കോ ജെന്‍സന്റെ കൈകളിലെത്തിച്ചാണ് മടക്കിയത്.
എട്ട് മത്സരത്തില്‍ നിന്നും 15 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് ഉമ്രാന്‍. ടൂര്‍ണമെന്റില്‍ ഇതുവരെയെറിഞ്ഞ 30 ഓവറില്‍ 239 റണ്‍സാണ് വഴങ്ങിയത്. 7.96 എന്ന എക്കോണമിയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യന്‍ പേസ് നിരയില്‍ ബുംറയ്ക്കും ഷമിക്കും ഭുവിക്കും പകരക്കാരനോ പിന്‍ഗാമിയോ ആവാന്‍ പോന്ന താരമാണ് ഉമ്രാന്‍ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, കാരണം തന്റെ പ്രകടനത്താല്‍ ഉമ്രാന്‍ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
Our Top Performer from the second innings is none other than Umran Malik for his maiden 5-wicket haul and figures of 5/25.#TATAIPL #GTvSRH pic.twitter.com/RJmeePOz5z
— IndianPremierLeague (@IPL) April 27, 2022
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയും പ്രതീക്ഷയുമായി വളരാന്‍ കെല്‍പുള്ള താരമാണ് ഉമ്രാന്‍ മാലിക്. ക്രിക്കറ്റിന്റെ ബാലപാഠം പോലും അഭ്യസിക്കാത്ത താരത്തിന് നേര്‍വഴി കാട്ടിയ സ്‌റ്റെയ്‌നെ പോലെ ഒരു കോച്ചുണ്ടെങ്കില്‍ ലോകത്തെ ഏതൊരു ടീമിന്റേയും പേടിസ്വപ്‌നമാവാനും ഇവന് സാധിക്കും.