Sports News
ഹെറ്റ്‌മെയറിനെ ചതിച്ചത് ഫ്‌ളൈറ്റ് ആണെങ്കില്‍ ഇന്ത്യന്‍ താരങ്ങളെ ചതിച്ചത് മറ്റൊന്നാണ്; ലോകകപ്പിന് മുമ്പ് ഇന്ത്യയില്‍ കുടുങ്ങി സൂപ്പര്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Oct 12, 01:05 pm
Wednesday, 12th October 2022, 6:35 pm

വിസ പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയാതെ പെട്ടിരിക്കുകയാണ് താരങ്ങള്‍. യുവതാരങ്ങളായ കുല്‍ദീപ് സെന്നിനും ഉമ്രാന്‍ മാലിക്കിനുമാണ് വിസയിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സാധിക്കാത്തത്.

നെറ്റ് ബൗളര്‍മാരായാണ് ഇരുവരും ഇന്ത്യക്കൊപ്പം ചേരുക. പേസിനെ തുണക്കുന്ന ഓസീസ് പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഇവരുടെ സേവനം കാര്യമായ സഹായമായിരിക്കും എന്ന കാര്യം ഉറപ്പാണ്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറിന് ഫ്‌ളൈറ്റ് മിസ്സായത് കാരണം ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് തന്നെ പുറത്താകേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് നേരിടേണ്ടി വന്നിരുന്നു.

ടൂര്‍ണമെന്റ് നടക്കാന്‍ ഒരാഴ്ചയിലധികം ഉണ്ടെന്നിരിക്കെ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് ഒറ്റ വിമാനം മാത്രമാണോ ഉള്ളതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

നിലവില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിച്ച് മാത്രം സൂപ്പര്‍ 12ലെത്താന്‍ സാധിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന് ഹെറ്റ്‌മെയറിന്റെ അസാന്നിധ്യം വന്‍ തിരിച്ചടിയാകുമെന്നുറപ്പാണ്.

അതേസയം, ഐ.പി.എല്‍ 2022 കണ്ടെടുത്ത താരങ്ങളാണ് കുല്‍ദീപ് സെന്നും ഉമ്രാന്‍ മാലിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരമായ കുല്‍ദീപ് സെന്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഒന്നിന് പിറകെ ഒന്നായി 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക് തരംഗമായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 22 വിക്കറ്റാണ് താരം സീസണില്‍ സ്വന്തമാക്കിയത്.

നിലവില്‍ ഉമ്രാന്‍ മാലിക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിന് വേണ്ടി കളിക്കുകയാണ്.

ഇവര്‍ എപ്പോഴാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതെന്നും നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റില്‍ സ്വന്തം ടീമുകള്‍ക്കായി എത്ര മത്സരം കൂടി കളിക്കുമെന്നും ഇപ്പോള്‍ വ്യക്തമല്ല.

 

Content Highlight:  Umran Malik and Kuldeep Sen stuck in India due to visa issues ahead of T20 World Cup