സുഹൃത്തായ യുവതിയ്ക്ക് ഫ്‌ളാറ്റെടുത്ത് നല്‍കി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
Kerala News
സുഹൃത്തായ യുവതിയ്ക്ക് ഫ്‌ളാറ്റെടുത്ത് നല്‍കി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th September 2020, 10:32 pm

കോഴിക്കോട്: സുഹൃത്തായ യുവതിയ്ക്ക് ഫ്‌ളാറ്റെടുത്ത് നല്‍കി എന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് ഐ.പി.എസിന്റേതാണ് നടപടി. യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പങ്കുവെച്ച് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്.

കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നുവെന്ന് ഉമേഷ് വള്ളിക്കുന്ന് കുറിച്ചു.

’31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പൊലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ’, അദ്ദേഹം പറഞ്ഞു.

നേരത്തെയും ഉമേഷ് വള്ളിക്കുന്നിനെ നിസാരകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാര്‍ അക്രമത്തില്‍ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനും അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നു.

2020 ല്‍ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെന്‍ഡര്‍ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകള്‍ വെറുതെയാണെന്ന് ബോധ്യപ്പെടുത്താന്‍
ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.

31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ.

അധികാരത്തിന്റെ തിളപ്പില്‍ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.

ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാല്‍ക്കല്‍ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Umesh Vallikkunnu Suspension