അവന്‍ പറഞ്ഞ 30 സെക്കന്റിന്റെ ത്രെഡില്‍ നിന്നാണ് അഞ്ചക്കള്ളകോക്കാന്‍ എന്ന സിനിമയുണ്ടാകുന്നത്: ഉല്ലാസ് ചെമ്പന്‍
Entertainment news
അവന്‍ പറഞ്ഞ 30 സെക്കന്റിന്റെ ത്രെഡില്‍ നിന്നാണ് അഞ്ചക്കള്ളകോക്കാന്‍ എന്ന സിനിമയുണ്ടാകുന്നത്: ഉല്ലാസ് ചെമ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd March 2024, 4:35 pm

ഒട്ടും ഹൈപ്പില്ലാത്ത തിയേറ്ററിലെത്തിയ ഒരു ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. എന്നാല്‍ സിനിമ പ്രതീക്ഷിക്കാതെ മികച്ച അഭിപ്രായമാണ് നേടുന്നത്. നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. എങ്ങനെയാണ് അഞ്ചക്കള്ളകോക്കാന്റെ കഥയിലേക്ക് എത്തുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഉല്ലാസ് ചെമ്പന്‍. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ ചെറുപ്പത്തില്‍ അമ്മയും അമ്മുമ്മയും ഒക്കെ രാത്രി ഉറങ്ങാതിരിക്കുമ്പോള്‍ ചുമ്മാ നമ്മളെ പേടിപ്പിക്കാന്‍ പറഞ്ഞിരുന്നതായിരുന്നു ‘അഞ്ചക്കള്ളകോക്കാന്‍ വരും വേഗം ഉറങ്ങിക്കോ’ എന്നൊക്കെ. ചെറുപ്പത്തില്‍ എന്റെ വിചാരം എല്ലായിടത്തും ഈ അഞ്ചക്കള്ളകോക്കാന്‍ പോലെ എന്തോ ഒന്ന് ഉണ്ടെന്നാണ്. കൂട്ടുകാരോട് ഇങ്ങനെ എന്തോ സംസാരിച്ചപ്പോള്‍ അവരും പറഞ്ഞു അവരോടും ചെറുപ്പത്തില്‍ ഇങ്ങനെ അമ്മ പറയുമായിരുന്നു എന്ന്.

ഞാനും ചേട്ടനും ചെറുപ്പം മുതല്‍ വലിയ സിനിമാ പ്രേമികളായിരുന്നു. ഞാന്‍ ഇന്നുവരെ ഒരു ക്രിക്കറ്റ് ഫൈനല്‍ കാണാനോ ഒന്നിനും ക്ലാസില്‍ പോകാതിരിക്കുകയോ ക്ലാസ് കട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. പക്ഷെ ഇതെല്ലാം ഞാന്‍ ചെയ്തിരുന്നത് സിനിമ കാണാന്‍ പോകാന്‍ വേണ്ടിയിട്ടാണ്. പിന്നെ ഡിഗ്രിക്ക് ബെംഗളൂരില്‍ പഠിക്കുമ്പോള്‍ എല്ലാ ദിവസവും സിനിമ കാണും. അതും എല്ലാ ഭാഷയിലേയും, പല ക്ലാസിക്കുകളും, വേള്‍ഡ് ടോപ് റേറ്റഡ് സിനിമകളൊക്കെ തേടി പിടിച്ചു കാണും. അതൊക്കെ സിനിമയിലേക്ക് എന്നെ ഒത്തിരി അടുപ്പിച്ചു.

പിന്നെ ചേട്ടന്‍ വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തുന്നത്. എന്നിട്ട് അങ്കമാലി ഡയറീസ് എഴുതുമ്പോള്‍ ചില ഡയലോഗിനെപ്പറ്റിയൊക്കെ ചുമ്മാ ഡിസ്‌ക്കസ് ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ 2019ല്‍ പാമ്പിച്ചി എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ എഴുതി സംവിധാനം ചെയ്തു. അതും ഇതുപോലെ ഒരു നാടന്‍ കലാരൂപവും ഇമോഷനും ഒക്കെ ആസ്പദമാക്കിയുള്ളതാണ്. ആ ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴുള്ള എക്‌സ്പീരിയന്‍സ് ചെറിയൊരു ആത്മവിശ്വാസം തന്നു.

കൊറോണ കാരണം 2022ലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ത്ത് അത് റിലീസ് ചെയ്യാന്‍ സാധിച്ചത്. കൊറോണ സമയത്ത് ഞാന്‍ ഓസ്ട്രേലിയയില്‍ ആയിരുന്നു. അവിടെ വച്ചാണ് ഒരു ചെറിയ കഥ എഴുതി നോക്കാം എന്ന് കരുതുന്നത്. എന്റെ സുഹൃത്തും ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ അസോസിയേറ്റുമായ സൂരജ്, ആ സമയത്ത് പങ്കുവച്ച 30 സെക്കന്റ് വരുന്ന ചെറിയ ത്രെഡാണ് അഞ്ചക്കള്ളകോക്കാന്‍ എന്ന സിനിമയുടെ ഇതിവൃത്തം. പിന്നെ ഞാനും സുഹൃത്തായിരുന്ന വികില്‍ വേണുവും ചേര്‍ന്ന് ആ കഥ വികസിപ്പിക്കുകയായിരുന്നു,’ ഉല്ലാസ് ചെമ്പന്‍ പറഞ്ഞു.

ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി.ജെ, മെറിന്‍ ജോസ് പൊറ്റക്കല്‍ തുടങ്ങിയ ഒരു മികച്ച താരനിര തന്നെയുള്ള ചിത്രം മാര്‍ച്ച് 15നായിരുന്നു തീയേറ്ററുകളില്‍ എത്തിയത്.

Content Highlight: Ullas Chemban Talks About Anchakkallakokkan