ന്യൂയോര്‍ക്ക്: ഉക്രൈനിലെ റഷ്യയുടെ സൈനിക നീക്കങ്ങള്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ ഉന്നയിക്കാന്‍ അനുമതി തേടി ഉക്രൈന്‍ പ്രതിനിധി.
ഈ വിഷയത്തില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്ത് തള്ളിയതിന് പിന്നാലെയാണ് ജനറല്‍ അസംബ്ലിയില്‍ വിഷയമുന്നയിക്കാന്‍ ഉക്രൈന്‍ ഒരുങ്ങുന്നത്.
ജനറല്‍ അസംബ്ലിയില്‍ വിഷയം അവതരിപ്പിക്കാന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള അപേക്ഷ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രൊസീജ്വറല്‍ വോട്ടിനിടും. പിന്നീടായിരിക്കും പൊതുസമ്മേളനത്തില്‍ ചര്‍ച്ചക്ക് വെക്കുക.
തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കും. ഈ അവസരത്തിലായിരിക്കും, റഷ്യ-ഉക്രൈന്‍ സാഹചര്യം മുന്‍നിര്‍ത്തി അടിയന്തരമായി ജനറല്‍ അസംബ്ലിയുടെ സ്‌പെഷ്യല്‍ സെഷന്‍ ചേരണമെന്ന ആവശ്യം മുന്നോട്ട് വെക്കുക.
15 രാജ്യങ്ങളാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്. ഇതില്‍ ഒമ്പത് പേരുടെ പിന്തുണ ലഭിച്ചാല്‍ വിഷയത്തിന്മേല്‍ ജനറല്‍ അസംബ്ലി അടിയന്തരമായി ചേരാനാകും.
ഫെബ്രുവരി 26നായിരുന്നു ഉക്രൈനില്‍ നിന്നും സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യു.എസും അല്‍ബേനിയയും ചേര്‍ന്ന് അവതരിപ്പിച്ചത്.
15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. റഷ്യയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് അമേരിക്ക പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.
അതേസമയം, യു.എന്‍.എസ്.സി പ്രമേയം ആദ്യപടി മാത്രമാണെന്നും വരും ദിവസങ്ങളില്‍ യു.എന്നിന്റെ പൊതുസഭയില്‍ നടക്കാനിരിക്കുന്ന നടപടികളുടെ മുന്നോടിയാണെന്നും അന്ന് അമേരിക്കയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിരുന്നു.
അതിന്റെ തുടര്‍നടപടികളാണ് ഇനി വരാനിരിക്കുന്നത്.
Content Highlight: Ukraine seeks to move UN General Assembly on Russia conflict