നാറ്റോയെ 'കുത്തി' സെലന്‍സ്‌കി; യുദ്ധത്തില്‍ ആക്രമണത്തേക്കാള്‍ ഭയപ്പെടുത്തുന്നത് സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നത്
World News
നാറ്റോയെ 'കുത്തി' സെലന്‍സ്‌കി; യുദ്ധത്തില്‍ ആക്രമണത്തേക്കാള്‍ ഭയപ്പെടുത്തുന്നത് സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2022, 8:08 am

കീവ്: റഷ്യന്‍ ആക്രമണത്തിന്റെ സമയത്തും ഉക്രൈന് കാര്യമായ സഹായങ്ങളൊന്നും ചെയ്യാത്ത അമേരിക്ക അടക്കമുള്ള നാറ്റോ അംഗരാജ്യങ്ങളോടുള്ള നീരസം കൂടുതല്‍ പ്രകടമാക്കി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

യുദ്ധം നടക്കുന്ന സമയത്ത് നേരിടുന്ന ആക്രമണങ്ങളേക്കാള്‍ ഭയപ്പെടുത്തുന്നത്, സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതിരിക്കുന്നതാണ്, എന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

യാതൊരു നിയന്ത്രണവുമില്ലാതെ ഉക്രൈന് വേണ്ട സൈനിക സഹായം നാറ്റോ നല്‍കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. വ്യാഴാഴ്ച എമര്‍ജന്‍സി നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

”നമ്മള്‍ ഒരു ഗ്രേ ഏരിയയില്‍ ആണെന്നാണ് തോന്നുന്നത്, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും റഷ്യക്കും ഇടയില്‍. നമ്മുടെ പൊതു മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട്.

ഒരു യുദ്ധം നടക്കുന്ന സമയത്ത് ഏറ്റവും ഭയാനകമായ കാര്യം ഇതാണ്- സഹായം അഭ്യര്‍ത്ഥിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാതിരിക്കുന്നത്,” സെലന്‍സ്‌കി പറഞ്ഞു.

റഷ്യ ഉക്രൈനില്‍ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക അടക്കമുള്ള നാറ്റോ അംഗരാജ്യങ്ങള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ഇടപെടലുകള്‍ ഇവര്‍ നടത്തിയിരുന്നില്ല.

ഉക്രൈനിന്റെ വ്യോമപാത ‘നോ ഫ്‌ളൈ സോണ്‍’ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവും നാറ്റോ അംഗീകരിച്ചിരുന്നില്ല.

നേരത്തെയും നാറ്റോക്കെതിരെ വിമര്‍ശനവുമായി സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണെന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്.

”ഒന്നുകില്‍ ഞങ്ങളെ അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം, അല്ലെങ്കില്‍ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവര്‍ക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം,” എന്നായിരുന്നു സെലന്‍സ്‌കി പ്രതികരിച്ചത്.

Content Highlight: Ukraine president Volodymyr Zelenskyy mocks Nato leaders for not helping them