ഗോ ബാക്ക് ഗോ ബാക്ക്; നാട്ടിലേക്ക് മടങ്ങാന്‍ പോളണ്ട് അതിര്‍ത്തിയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഉക്രൈന്‍ സേനയുടെ മര്‍ദനം
World News
ഗോ ബാക്ക് ഗോ ബാക്ക്; നാട്ടിലേക്ക് മടങ്ങാന്‍ പോളണ്ട് അതിര്‍ത്തിയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഉക്രൈന്‍ സേനയുടെ മര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th February 2022, 9:06 am

കീവ്: ഉക്രൈനില്‍ റഷ്യയുടെ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ നാട്ടിലേക്ക് മടങ്ങാനായി പോളണ്ട് അതിര്‍ത്തിയിലെത്തുന്ന ഇന്ത്യക്കാരെ ഉക്രൈന്‍ സേന മര്‍ദിക്കുന്നതായി വിദ്യാര്‍ത്ഥികള്‍.

ഉക്രൈനിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയും മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായ ഷോണ്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഉക്രൈന്‍ സേനയുടെ മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് പറയുന്നത്.

ഉക്രൈന്‍- പോളണ്ട് അതിര്‍ത്തിയിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ സേന ആക്രമിക്കുകയും തിരിച്ചയക്കുകയുമാണ് ചെയ്യുന്നത് എന്നാണ് ഷോണ്‍ പറയുന്നത്.

”ആകെ നൂറ് ഇന്ത്യക്കാരാണ് ബോര്‍ഡര്‍ ക്രോസ് ചെയ്ത് ഇപ്പോള്‍ ഉക്രൈനില്‍ നിന്നും പോളണ്ടില്‍ എത്തിയിരിക്കുന്നത്. ഇതില്‍ 60 മലയാളികളുണ്ട്.

സ്ത്രീകളെയും കുട്ടികളെയും മാത്രം ഉക്രൈന്‍ അതിര്‍ത്തി കടക്കാനേ ഇവിടത്തെ സൈന്യം അനുവദിക്കുന്നുള്ളൂ. പുരുഷന്മാരെ ആരെയും വിടുന്നില്ല.

ഇപ്പോള്‍ ഉക്രൈന്‍ പട്ടാളവും പൊലീസും ഇവരെ ആക്രമിക്കുന്നുമുണ്ട്. സൈനികര്‍ അവരുടെ ഷീല്‍ഡ് ഉപയോഗിച്ച് അതിര്‍ത്തിയിലെത്തുന്ന ആളുകളെ തള്ളിമാറ്റുകയും അടിക്കുകയുമൊക്കെയാണ്. ഇപ്പോള്‍ തന്നെ ഒരു കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.

അതിര്‍ത്തിയിലെത്തുന്നവരോട് തിരിച്ച് പോവാനാണ് ഉക്രൈന്‍ സേന പറയുന്നത്. ഉക്രൈന്‍ സേനക്ക് പ്രത്യേകിച്ചും ഇന്ത്യക്കാരോട് നല്ല എതിര്‍പ്പുണ്ട്. ഇന്ത്യയുടെ സെന്‍ട്രല്‍ ഗവണ്‍മെന്റ് തന്നെ ഇടപെട്ട് ഇക്കാര്യം ഉക്രൈന്‍ സര്‍ക്കാരിനോട് പറയണം,” വിദ്യാര്‍ത്ഥി പറഞ്ഞു.

പോളണ്ട് എംബസിക്ക് ഉക്രൈന്‍ സര്‍ക്കാരിന് മേല്‍ ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും ഇന്ത്യയിലെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

ഉക്രൈന്‍ പട്ടാളത്തിന്റെ ഉപദ്രവത്തെക്കുറിച്ച് മലയാളി വിദ്യാര്‍ത്ഥിനിയായ ഏഞ്ചല്‍ അതിര്‍ത്തിയില്‍ നിന്നും എടുത്ത വീഡിയോയില്‍ സംസാരിക്കുന്നു. ഉക്രൈന്‍- പോളണ്ട് അതിര്‍ത്തിയില്‍ നിന്നെടുത്ത വീഡിയോയിലാണ് സേനയുടെ ഉപദ്രവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനി പറയുന്നത്.

”പോളണ്ട് അതിര്‍ത്തിയിലെത്തിയ സ്റ്റുഡന്‍ഡ്‌സിനെ ഉക്രൈന്‍ മിലിറ്ററിയും പൊലീസും തിരിച്ചയക്കുകയാണ്. ഗണ്‍ ഫയറിങ്, ലാത്തി ചാര്‍ജ്, കൂട്ടംകൂടി നില്‍ക്കുന്ന കുട്ടികളുടെ ഇടയിലേക്ക് കാറ് കയറ്റുക ഇങ്ങനെയൊക്കെയാണ് അതിര്‍ത്തിയിലെത്തുന്ന ആളുകളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നത്.

ഞങ്ങള്‍ അത് ചോദിക്കാന്‍ ചെന്നപ്പോള്‍ അടിക്കുകയും റോഡിലേക്ക് തള്ളുകയുമാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാറ് കയറ്റി, ഗോ ബാക്ക് ഗോ ബാക്ക് എന്നാണ് ഉക്രൈന്‍ പട്ടാളം പറയുന്നത്,” വിദ്യാര്‍ത്ഥിനി പറയുന്നു.

ഇന്ത്യ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളെല്ലാം ആവശ്യപ്പെടുന്നത്.


Content Highlight: Ukraine army attack Indians in Ukraine-Poland border