ലണ്ടൻ: ജാഗ്രത പാലിക്കേണ്ട തീവ്രവാദ ആശയങ്ങൾ സംബന്ധിച്ച യു.കെയുടെ ചോർന്ന റിപ്പോർട്ടിൽ ഖാലിസ്ഥാൻ തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും. ഈ ആഴ്ച ആദ്യം ആഭ്യന്തര വകുപ്പിന് കൈമാറിയ വിദഗ്ദ്ധ വിവരങ്ങളാണ് ചോർന്നത്. തിങ്ക് ടാങ്ക് പോളിസി എക്‌സ്‌ചേഞ്ചിലേക്ക് ചോർന്ന രേഖയിൽ യു.കെ തീവ്രവാദ വിരുദ്ധ നയം നേരിടേണ്ട ഒമ്പത് പുതിയ തരം തീവ്രവാദങ്ങളെ പട്ടികപ്പെടുത്തുന്നു.
ഇസ്‌ലാമിസ്റ്റ്, തീവ്ര വലതുപക്ഷം, കടുത്ത സ്ത്രീവിരുദ്ധത, ഖാലിസ്ഥാൻ അനുകൂല തീവ്രവാദം, ഹിന്ദു ദേശീയ തീവ്രവാദം, പരിസ്ഥിതി തീവ്രവാദം, ഇടതുപക്ഷം, അരാജകവാദവും സിംഗിൾ -ഇഷ്യൂ എക്സ്ട്രീമിസം, അക്രമണശക്തിയും ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവയാണവ.
2024 ഓഗസ്റ്റിൽ യു.കെ ആഭ്യന്തര വകുപ്പ് സെക്രട്ടറി യെവെറ്റ് കൂപ്പർ നിയോഗിച്ച റാപ്പിഡ് അനലറ്റിക്കൽ സ്പ്രിന്റ് കമ്മീഷൻ ആണ് റിപ്പോർട്ട് തയാറാക്കിയത്.
2022 ലെ ലെസ്റ്റർ കലാപത്തിൽ ഹിന്ദു ദേശീയ തീവ്രവാദം ഒരു പങ്കുവഹിച്ചതായി ചോർന്ന റിപ്പോർട്ട് പ്രസ്താവിച്ചു. ഓഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് 2022 മത്സരത്തിന് ശേഷം ദക്ഷിണേഷ്യൻ വംശജരായ ബ്രിട്ടീഷ് ഹിന്ദുക്കളും ബ്രിട്ടീഷ് മുസ്‌ലിങ്ങളും ഏറ്റുമുട്ടിയ ലെസ്റ്റർ കലാപത്തെ തുടർന്നാണ് ഹിന്ദു ദേശീയ തീവ്രവാദം ഒരു ഭീഷണിയായി പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
എന്നാൽ ചോർന്ന റിപ്പോർട്ട് സർക്കാർ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് സുരക്ഷാ മന്ത്രി ഡാൻ ജാർവിസ് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു.
‘കമ്മീഷൻ തയാറാക്കിയ റിപ്പോർട്ട് സർക്കാർ നയത്തെ പ്രതിഫലിപ്പിക്കുന്നില്ല. വ്യക്തമായി പറഞ്ഞാൽ, ചോർന്ന രേഖകൾ നിലവിലുള്ളതോ അല്ലെങ്കിൽ പുതിയതോ ഉള്ള സർക്കാർ നയമല്ല,’ ജാർവിസ് പറഞ്ഞു.
എങ്കിലും ഒരു സുപ്രധാന നയരേഖയിൽ ആദ്യമായി തീവ്ര ഹിന്ദുത്വത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നത് ഈ റിപ്പോർട്ടിലാണ്. ലെസ്റ്റർ കലാപത്തിന് അതിലൊരു പങ്കുണ്ട്. 200 ഓളം ഹിന്ദു പുരുഷന്മാർ മുഖംമൂടികൾ ധരിച്ച് ലെസ്റ്ററിലെ ഹൈഫീൽഡ് ഏരിയയിലൂടെ ‘ജയ് ശ്രീ റാം’ എന്ന് ആക്രോശിച്ചുകൊണ്ട് മാർച്ച് നടത്തിയതോടെയാണ് 2022 ലെ കലാപം ആരംഭിച്ചത്. മാർച്ചിനെ തുടർന്ന് ചില മുസ്‌ലിങ്ങൾ തെരുവിലിറങ്ങിയത് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.
Content Highlight: UK government report identifies role of ‘Hindu nationalist extremism’ in Leicester riots