മോദിയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ജെയ്റ്റ്‌ലിയും സുഷമ സ്വരാജും മരിച്ചതെന്ന് ഉദയനിധി സ്റ്റാലിന്‍; അവസരം മുതലാക്കി ബി.ജെ.പി
TN Election 2021
മോദിയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ജെയ്റ്റ്‌ലിയും സുഷമ സ്വരാജും മരിച്ചതെന്ന് ഉദയനിധി സ്റ്റാലിന്‍; അവസരം മുതലാക്കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd April 2021, 7:55 pm

ചെന്നൈ: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെപ്പറ്റി ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഡി.എം.കെയ്‌ക്കെതിരെ ആയുധമാക്കി ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഇരുവരും മരിച്ചതെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെന്ന് ഒരു വിഭാഗം ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും മക്കളും ഉദനിധിയെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ വിഷയം ഏറെ ചര്‍ച്ചയാവുകയായിരുന്നു.

തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി തന്റെ അമ്മയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് ട്വിറ്ററിലെഴുതി. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാകുമെന്നും എന്നാല്‍ അതിനായി അന്തരിച്ച വ്യക്തികളെപ്പറ്റി വ്യാജപ്രചരണങ്ങള്‍ നടത്തരുതെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മകള്‍ ട്വിറ്ററിലെഴുതിയത്.

പ്രധാനമന്ത്രിയുടെ പീഡനങ്ങളും സമ്മര്‍ദ്ദങ്ങളും താങ്ങാന്‍ കഴിയാതെയാണ് സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചതെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ഉദയനിധിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും രംഗത്തെത്തിയിരുന്നു.

 

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഉദയനിധി സ്റ്റാലിനെ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി ഘടകവും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇതുവരെ ഡി.എം.കെ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Udhayanidhi Stalin’s Comments About Jaitley, Swaraj Trigger Row