'പി. ജയരാജന്‍ മണ്ഡലത്തില്‍ തന്നെയുണ്ട്'; അരൂരില്‍ പരാതിയുമായി യു.ഡി.എഫ്; കണ്ടെത്തിയത് 181 ഇരട്ടവോട്ടുകള്‍
KERALA BYPOLL
'പി. ജയരാജന്‍ മണ്ഡലത്തില്‍ തന്നെയുണ്ട്'; അരൂരില്‍ പരാതിയുമായി യു.ഡി.എഫ്; കണ്ടെത്തിയത് 181 ഇരട്ടവോട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 2:49 pm

ആലപ്പുഴ: അരൂരില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 181 ഇരട്ടവോട്ടുകളാണു കണ്ടെത്തിയത്. യു.ഡി.എഫിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയത്.

ക്രമക്കേട് തടയാന്‍ ജില്ലാ കളക്ടര്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ പരസ്യ പ്രചാരണം അവസാനിച്ചിട്ടും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ മണ്ഡലത്തില്‍ത്തന്നെ തുടരുന്നതിനെതിരെ യു.ഡി.എഫ് കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ പഞ്ചായത്തിലുള്ള 178-ാം നമ്പര്‍ ബൂത്ത് പരിധിയിലാണു ജയരാജന്‍ താമസിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മതചിഹ്നങ്ങളുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

പ്രചാരണ സമയം കഴിഞ്ഞും മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ കോന്നിയില്‍ തങ്ങുന്നുവെന്നും വീടുകള്‍ കയറി സ്വകാഡ് പ്രവര്‍ത്തനം നടത്തുന്നവെന്നും പരാതിയില്‍ പറയുന്നു.

എല്ലാ യു.ഡി.എഫ് നേതാക്കളും നിയമം പാലിച്ചു കൊണ്ട് ആറുമണിക്ക് ശേഷം നിയോജക മണ്ഡലം വിട്ടു പോയിരുന്നു. എന്നാല്‍ മറു ഭാഗത്ത് ഉള്ള ആളുകള്‍ വിട്ടു പോയില്ലെന്ന് മാത്രമല്ല, പുറത്തുനിന്നുള്ളവരെ കൊണ്ടു പാര്‍പ്പിക്കുകയും സ്‌ക്വാഡ് പ്രവര്‍ത്തനത്തിനിറങ്ങുകയും ചെയ്യുന്നുണ്ട്. ഇവര്‍ വീടുകളില്‍ കയറുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും യു.ഡി.എഫ് മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്പതോളം ആളുകള്‍ ചേര്‍ന്ന് ഈ സ്ഥലങ്ങളില്‍ തമ്പടിക്കുകയും ചെയ്യുന്നുണ്ട്. ഇത് രേഖാമൂലം എഴുതിക്കൊടുത്തിട്ടും നടപടിയെടുക്കുന്നില്ല. പൊലീസ് ഫോണെടുക്കുന്നില്ല, ഇവിടുന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും യു.ഡി.എഫ് ആരോപിച്ചു.

പരസ്യമായി തെരഞ്ഞെടുപ്പ് നിയമങ്ങളെ അട്ടിമറിക്കുകയും വെല്ലു വിളിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് പറഞ്ഞു.

എന്നാല്‍ മതചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.