'വടകരയില്‍ 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നു'; യു.ഡി.എഫ് കളക്ടര്‍ക്ക് പരാതി നല്‍കി
വടകര: കാസര്‍ഗോഡിനും കണ്ണൂരിനും പിറകേ വടകരയിലും കള്ളവോട്ട് നടന്നെന്നാരോപിച്ച് യു.ഡി.എഫിന്റെ പരാതി. വടകരയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് കാണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ കോഴിക്കോട് കളക്ടര്‍ക്കു പരാതി നല്‍കി.
തലശ്ശേരി, കൂത്തുപറമ്പ്, നാദാപുരം നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഈ മൂന്നു മണ്ഡലങ്ങളിലായി 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി. കൂത്തുപറമ്പില്‍ 26 ബൂത്തുകളിലും തലശ്ശേരിയില്‍ 45-ലും നാദാപുരത്ത് പതിനൊന്നും ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വടകരയില്‍ 60 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നും 162 ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി കോടതി പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കിയില്ലെന്നും കെ. മുരളീധരന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
നേരത്തേ കണ്ണൂര്‍ പിലാത്തറയിലെ കള്ളവോട്ട് കേസില്‍ മൂന്നുപേര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ അംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനാണ് കേസെടുത്തത്. പിലാത്തറ എ.യു.പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ ഇവര്‍ കള്ളവോട്ട് ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.