2025 IPL
കൊല്‍ക്കത്തയ്ക്ക് ആ നാല് റണ്‍സിന്റെ വില മനസിലായിക്കാണും; ലഖ്‌നൗവിന് മൂന്നാം വിജയം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 08, 02:42 pm
Tuesday, 8th April 2025, 8:12 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാല് റണ്‍സിനാണ് അജിന്‍ക്യ രഹാനെയും കൂട്ടരും തോല്‍വി ഏറ്റുവാങ്ങിയത്. ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. അവസാന ആറ് പന്തില്‍ 23 റണ്‍സ് ആയിരുന്നു കൊല്‍ക്കത്തക്ക് വേണ്ടത്. റിങ്കു സിങ്ങും ഹര്‍ഷിത് റാണയും പരിശ്രമിച്ചപ്പോള്‍ 19 റണ്‍സ് മാത്രമായിരുന്നു ബൗളിങ്ങിനെത്തിയ ബിഷ്‌ണോയിക്കി നേരെ നേടാന്‍ സാധിച്ചത്. ഇതോടെ തങ്ങളുടെ മൂന്നാം വിജയമാണ് ലഖ്‌നൗ രേഖപ്പെടുത്തിയത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ലഖ്‌നൗ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ രഹാനെയാണ്. രഹാനെ 35 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. ഷര്‍ദുല്‍ താക്കൂറാണ് രഹാനെയെ പുറത്താക്കിയത്.

ക്യാപ്റ്റന് പുറമേ വെങ്കിടേഷ് അയ്യര്‍ 29 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയാണ്. എട്ടാമനായി ഇറങ്ങിയ റിങ്കു സിങ് 15 പന്തില്‍ നിന്നും രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെ 15 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെയാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ആകാശ് ദീപിനാണ് വിക്കറ്റ്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കൊപ്പം സുനില്‍ നരെയ്ന്‍ വെടിക്കെട്ട് നടത്തിയാണ് മടങ്ങിയത്. 13 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും നേടി 30 റണ്‍സ് നേടിയ സുനിലിനെ ദിഗ്‌വേശ് സിങ്ങാണ് പറഞ്ഞയച്ചത്.

ലഖ്‌നൗവിന് വേണ്ടി ഷര്‍ദുല്‍ താക്കൂറും ആകാശ് ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശേ് ഖാന്‍, ദിഗ്‌വേശ് സിങ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും വണ്‍ ഡൗണായി ഇറങ്ങിയ നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിലാണ് ലഖ്‌നൗ സ്‌കോര്‍ ഉയര്‍ത്തിയത്. മാര്‍ഷ് 48 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ആന്ദ്രെ റസലിന്റെ പന്തില്‍ റിങ്കു സിങ്ങിന്റെ കയ്യിലാകുകയായിരുന്നു താരം. നിക്കോളാസ് പൂരന്‍ 36 പന്തില്‍ നിന്ന് എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 87 റണ്‍സും നേടി തിളങ്ങി.

ഇതോടെ സീസണിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 72 ആവറേജില്‍ 288 റണ്‍സും 225 സ്‌ട്രൈക്ക് റേറ്റും നേടാന്‍ പൂരന് സാധിച്ചു. മാത്രമല്ല 24 സിക്‌സും 25 ഫോറും ഉള്‍പ്പെടെ മൂന്ന് അര്‍ധസെഞ്ച്വറിയും പൂരന്‍ സ്വന്തമാക്കി.

മത്സരത്തില്‍ ടീമിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും നല്‍കിയത്. മാര്‍ക്രം 28 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയിരുന്നു. ഹര്‍ഷിത് റാണയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.

Content Highlight: IPL 2025: LSG Won Against KKR By 4 Runs