മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി ഫഡ്‌നാവിസ്-താക്കറെ പോര് മുറുകുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞ വാക്കുകളൊന്നും പാലിക്കുന്നില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ആരോപിച്ചു.
‘ഞാനൊരു ബി.ജെ.പിക്കാരനല്ല. ഞാനൊരു നുണയനുമല്ല. അവരാണ് വാക്കുതന്നിട്ട് പറഞ്ഞ വാക്കില്‍നിന്നും പിന്‍വാങ്ങുന്നത്’, താക്കറെ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കള്ളങ്ങള്‍ പറയുന്ന പാര്‍ട്ടിയുമായി ഇനി ഒരു സംസാരത്തിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന നുണയില്‍നിന്ന് ബി.ജെ.പി പിന്മാറാതെ അവരുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ല. ആരാണ് സത്യം പറയുന്നത് എന്നതില്‍ എനിക്കവരുടെ ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. ഞങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലെങ്കില്‍, അമിത് ഷായിലും സംഘത്തിലും ഞങ്ങള്‍ക്കും വിശ്വാസമില്ല’, ഉദ്ധവ് താക്കറെ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ശിവസേനയെ പഞ്ചാരവാക്കുകള്‍ പറഞ്ഞ് ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്ക് ആവശ്യമില്ല. അധികാരം പങ്കുവെക്കാമെന്നത് അമിത്ഷായുടെ മുമ്പില്‍വെച്ചുതന്നെ അംഗീകരിച്ചതാണ്. ബി.ജെ.പി ഇപ്പോള്‍ ഞങ്ങളെ നുണയരെന്ന് വിളിക്കുന്നതില്‍ എനിക്ക് അത്യധികം വേദനയുണ്ട്’, താക്കറെ പറഞ്ഞു.
പാര്‍ട്ടി മുഖ്യമന്ത്രിയുണ്ടാകുമെന്നു തന്റെ അച്ഛനായ ബാലാസാഹേബിനോടു താന്‍ വാഗ്ദാനം ചെയ്തിരുന്നതായും അതു നിറവേറ്റാന്‍ തനിക്ക് ഷായുടെയോ ഫഡ്നാവിസിന്റെയോ ആവശ്യമില്ലെന്നും താക്കറെ തുറന്നടിച്ചു.
‘ഗംഗ വൃത്തിയാക്കുമ്പോള്‍ അവരുടെ മനസ്സും മലിനീകരിക്കപ്പെട്ടു. തെറ്റായ വ്യക്തികളുമായാണു ഞങ്ങള്‍ സഖ്യത്തിലേര്‍പ്പെട്ടതെന്ന് എനിക്കു തോന്നുന്നു.’- താക്കറെ പറഞ്ഞു.
താക്കറെ കുടുംബത്തിനെതിരെ ആദ്യമായാണ് ഒരാള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഫഡ്നാവിസിന്റെ ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് ബാലാസാഹേബിന്റെ നുണയനായ മകനായി ജനങ്ങള്‍ക്കു മുന്നില്‍ ചെല്ലാനാവില്ല. അതുകൊണ്ടാണ് എനിക്കു നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്.’- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിപദം രാജിവെച്ച ശേഷവും താന്‍ വിളിച്ചിട്ട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി ഫഡ്നാവിസ് നേരത്തേ രംഗത്തെത്തിയിരുന്നു.