'കര്‍ണാടക അധിനിവേശ മഹാരാഷ്ട്ര'യെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കണം; സര്‍ക്കാരിനോട് ഉദ്ധവ് താക്കറെ
national news
'കര്‍ണാടക അധിനിവേശ മഹാരാഷ്ട്ര'യെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കണം; സര്‍ക്കാരിനോട് ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2022, 4:46 pm

നാഗ്പൂര്‍: കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘കര്‍ണാടക അധിനിവേശ മഹാരാഷ്ട്ര’യിലെ പ്രദേശങ്ങളെ (Karnataka-occupied Maharashtra) കേന്ദ്ര ഭരണപ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് താക്കറെ കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് പറഞ്ഞത്.

ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി തര്‍ക്കവിഷയം വെറും ഭാഷയുടെയും ബോര്‍ഡറിന്റെയും മാത്രം കാര്യമല്ലെന്നും അത് മനുഷ്യരെ ബാധിക്കുന്ന മനുഷ്യത്വത്തിന്റെ കൂടി വിഷയമാണെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മറാത്തി ഭാഷ സംസാരിക്കുന്ന നിരവധി പേര്‍ കാലങ്ങളായി അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിച്ചുവരുന്നുണ്ടെന്ന് പറഞ്ഞ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ വിഷയത്തിലെ നിലപാടിനെ ചോദ്യം ചെയ്യുന്നില്ലെന്നും ആരോപിച്ചു.

”വിഷയം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ആരാണ് സാഹചര്യങ്ങള്‍ മോശമാക്കുന്നത്,” കര്‍ണാടക സര്‍ക്കാരിനെ ഉദ്ദേശിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

നിലവില്‍ കര്‍ണാടകക്കും മഹാരാഷ്ട്രക്കുമിടയിലുള്ള അതിര്‍ത്തി തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

നേരത്തെ തര്‍ക്കപ്രദേശമായ ബെലഗാവിയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്നൂറോളം പേരെ കര്‍ണാടക തിരിച്ചയക്കുകയും ഇതില്‍ ചിലരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളില്‍ ചിലരെയും മഹാരാഷ്ട്ര പൊലീസ് നേരത്തെ കരുതല്‍ തടവിലാക്കിയിരുന്നു.

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം

1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെലഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെലഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെലഗാവി, കര്‍വാര്‍, നിപാനി തുടങ്ങിയ 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്ന് മുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.

കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്കവിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്‌നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും നടന്നിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു. 2022 നവംബറില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.

തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് ബസവരാജ ബൊമ്മൈ രംഗത്ത് എത്തിയതോടെയാണ് ഇത് ചൂടേറിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് വഴിവെച്ചത്.

Content Highlight: Uddhav Thackeray says central government should declare Karnataka-occupied Maharashtra areas as a Union Territory