ചെന്നൈ: തലയറുക്കാന്‍ ആഹ്വാനം ചെയ്ത സന്യാസിക്കെതിരെ നടപടി ആവശ്യമില്ലെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സന്യാസിക്കെതിരെ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നും ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെഴുതിയ തുറന്നകത്തില്‍ ഉദയനിധി പറയുന്നു.
സനാതന ധര്‍മത്തിനെതിരായ തന്റെ വിമര്‍ശനം വിശദീകരിച്ചും ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചുമാണ് നാല് പേജുള്ള തുറന്ന കത്ത് ഉദയനിധി തന്റെ എക്‌സ് ഹാന്‍ഡിലൂടെ പങ്കുവെച്ചത്.
ബി.ജെ.പി തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നുവെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്. പെരിയോര്‍, അണ്ണാദുരൈ, കലൈഞ്ജര്‍, പേരാശിയര്‍ തുടങ്ങിയവരുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി എക്കാലവും പൂവണിയട്ടെയെന്നും ഉദയനിധി ആഹ്വാനം ചെയ്തു.
Let us resolve to work for the victory of the ideologies of Periyar, Anna, Kalaignar and Perasiriyar. Let Social Justice flourish forever. pic.twitter.com/Eyc9pBcdaL
— Udhay (@Udhaystalin) September 7, 2023
സനാതന ധര്‍മത്തിനെതിരായ തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനിന്നുകൊണ്ടും ഇതിന്റെ പേരില്‍ പരസ്യമായ ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഉദയനിധി കത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദേശീയ തലത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ പോലുള്ള നേതാക്കളടക്കം അപവാദപ്രചരണം നടത്തുകയാണ്. അവര്‍ അവരുടെ നിലനില്‍പിന് വേണ്ടിയാണത് ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ അവരുടെ ചെയ്തികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നുവെന്നാണ് ഉദയനിധി കത്തില്‍ പറയുന്നത്.