ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉടൽ ഒ.ടി.ടിയിലേക്ക്
Film News
ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉടൽ ഒ.ടി.ടിയിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th December 2023, 11:14 am

മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു ഉടല്‍. 2022 മേയ് 20നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം സ്ട്രീം ചെയ്യുക.

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍, ജൂഡ് ആന്തണി ജോസഫ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും രതീഷ് രഘുനന്ദന്‍ തന്നെയായിരുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ ത്രില്ലിങ്ങും വയലന്‍സും തന്നെയാണ് തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന ഘടകം എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറഞ്ഞിരുന്നത്. കുട്ടിച്ചായനായുള്ള ഇന്ദ്രന്‍സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചലച്ചിത്രാനുഭവമാണ് ഉടല്‍. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉടല്‍ ചെറിയ പ്രമേയത്തെ വ്യത്യസ്തമായ ട്രീറ്റ്മെന്റുകൊണ്ട് ഉദ്വേഗജനകമാക്കുകയാണ്. പ്രണയവും പ്രതികാരവും നിസഹായതയുമൊക്കെ മാറി മാറി കഥാപാത്രങ്ങളില്‍ നിറയുന്നതിനാല്‍ ഇന്ദ്രന്‍സും ദുര്‍ഗാകൃഷ്ണയുമടക്കം അഭിനയിച്ചവരെല്ലാം മികച്ച പ്രകടനമാണ് സ്‌ക്രീനില്‍ കാഴ്ചവെക്കുന്നത്.

Content Highlight: Udal movie releasing in OTT