കാബൂള്‍: യു.എസ് സൈനിക പിന്മാറ്റത്തോടെ താലിബാന്‍ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി യു.എസ്.
അഫ്ഗാനിസ്ഥാനിലെ യു.എസ് പദ്ധതികള്‍, യു.എസ് ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ സ്വദേശികള്‍ക്കായാണ് പുതിയ കുടിയേറ്റ പദ്ധതി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അഫ്ഗാനെ പൂര്‍ണമായി കൈയ്യൊഴിയാതിരിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ഏറെയായിരുന്നു.
നിലവില്‍ ഏകദേശം 50,000ത്തോളം അഫ്ഗാന്‍ സ്വദേശികളെ യു.എസില്‍ എത്തിക്കാനുള്ള ‘ഓപ്പറേഷന്‍ അലൈസ് റഫ്യുജി’നു പുറമേയാണ് പുതിയ പദ്ധതി പ്രഖ്യാപ്പിക്കാനുള്ള ഒരുക്കം.
യു.എസ്. ഗവണ്‍മെന്റിനു വേണ്ടി ജോലി ചെയ്തിരുന്നവര്‍, അവരുടെ കുടുംബാഗങ്ങള്‍ എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ യു.എസ്സില്‍ എത്തിക്കുന്നത്.
യു.എസ് ഏജന്‍സികള്‍, മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍, ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ശുപാര്‍ശയില്‍ മാത്രമേ പുതിയ പദ്ധതിയില്‍ അഫ്ഗാനികള്‍ക്ക് ഉള്‍പ്പെടാന്‍ സാധിക്കൂ എന്നാണ് സൂചന.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയും അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെയും താലിബാന്‍ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.