വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ തിയേറ്ററിനുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല; നിര്‍ണ്ണായക തീരുമാനവുമായി യു.എസ് സിനിമാ തിയേറ്ററുകള്‍
World News
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ തിയേറ്ററിനുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല; നിര്‍ണ്ണായക തീരുമാനവുമായി യു.എസ് സിനിമാ തിയേറ്ററുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th May 2021, 8:21 pm

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ തിയേറ്ററിനുള്ളില്‍ മാസ്‌ക് ധരിക്കേണ്ടെന്ന് ഉത്തരവിറക്കി അമേരിക്കയിലെ പ്രധാന സിനിമാ തിയേറ്ററുകള്‍. എന്നാല്‍ വാക്‌സിനെടുക്കാത്തവര്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമെ തിയേറ്ററിനുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്നും അറിയിപ്പില്‍ പറയുന്നു.

എ.എം.സി എന്റര്‍ടൈന്‍മെന്റ്, സിനിമാര്‍ക്ക്, റീഗല്‍ സിനിമാസ് തുടങ്ങിയ തിയേറ്റര്‍ കമ്പനികളാണ് ഈ അറിയിപ്പ് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

‘സി.ഡി.സി നിര്‍ദ്ദേശപ്രകാരം, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ തിയേറ്ററിനുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ ഈ വിഭാഗത്തില്‍ പെടാത്തവര്‍ മുമ്പത്തെ പോലെ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുമാത്രമെ തിയേറ്ററില്‍ കയറാന്‍ പാടുള്ളു,’ എ.എം.സി എന്റര്‍ടൈന്‍മെന്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നു.

ഇക്കഴിഞ്ഞ മെയ് 14ന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രം മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിച്ചാല്‍ മതിയെന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് ബൈഡന്‍ പറഞ്ഞത്.

അതേസമയം അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 49 എണ്ണത്തിലും കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്നും ഇതൊരു ശുഭ സൂചനയാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

എന്നാല്‍ 65 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ണ്ണമായിട്ടില്ലെന്നും അതുകൂടി പൂര്‍ത്തിയായാല്‍ മാത്രമെ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ച രീതിയിലേക്കെത്തുള്ളുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: U.S. movie theatres remove mask mandate for vaccinated people