ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന താരങ്ങള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് ഉത്സവമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ലോകത്ത് ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റായാണ് ഐ.പി.എല്ലിനെ കണക്കാക്കുന്നത്. 2008ല്‍ തുടങ്ങിയ ടൂര്‍ണമെന്റ് പതിനെട്ടാം സീസണിലെത്തിയിരിക്കുകയാണ്. ഓരോ വര്‍ഷവും ടൂര്‍ണമെന്റ് പുതിയ തലങ്ങളിലേക്ക് വളരുകയാണ്.
ഇപ്പോള്‍ ഐ.പി.എല്ലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ഐ.പി.എല്‍ വാര്‍ഷിക ലോകക്കപ്പാണെന്ന് സിദ്ദു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് മുന്‍ താരം പറഞ്ഞത്.
‘ഐ.പി.എല്‍ വാര്‍ഷിക ലോകകപ്പാണ്. അവിടെ മികച്ച വിദേശ കളിക്കാര്‍ ഇന്ത്യന്‍ കളിക്കാരുമായി കൈകോര്‍ക്കുന്നു,’ സിദ്ദു പറഞ്ഞു.
എട്ട് ടീമുകളുമായാണ് ഐ.പി.എല്‍ ആദ്യ സീസണ്‍ തുടങ്ങിയത്. പതിനെട്ടാം സീസണില്‍ എത്തി നില്‍ക്കുമ്പോള്‍ പത്ത് ടീമുകളാണ് പരസ്പരം മാറ്റുരക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അഞ്ച് ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കൊച്ചി ടസ്‌കേഴ്സ് കേരള, പൂനെ വാരിയേഴ്‌സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ പല കാലങ്ങളില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായത്.
പ്രഥമ സീസണിലെ വിജയികളായത് ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സാണ്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകള്‍. ഇരുവരും അഞ്ച് വട്ടമാണ് കുട്ടി ക്രിക്കറ്റിന്റെ ചാമ്പ്യന്‍മാരായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്ന് കപ്പുകളും ഉയര്‍ത്തിയിട്ടുണ്ട്.
ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ ഓരോ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റില്‍ ഉണ്ടായിട്ടും ഒറ്റ കിരീടം പോലും നേടാന്‍ കഴിയാത്ത ടീമുകളാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും. പുതിയ സീസണില്‍ അവര്‍ക്ക് കിരീടം നേടാനാവുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. പത്തൊമ്പത് മത്സരങ്ങള്‍ കഴിയുമ്പോള്‍ പുതിയ നായകന്‍ അക്സര്‍ പട്ടേലിന് കീഴില്‍ എത്തുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ പരാജയങ്ങളൊന്നുമില്ലാതെ ആറ് പോയിന്റുമായാണ് ക്യാപിറ്റല്‍സ് പോയിന്റ് പട്ടിക ലീഡ് ചെയ്യുന്നത്.
മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് മൂന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള മുംബൈയും ചെന്നൈയും മോശം ഫോം തുടരുകയാണ്.
Content Highlight: IPL 2025: Former Indian Cricketer Navjot Singh Sidhu Talks About Indian Premiere League