' ആദ്യം ഞങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞു, ശരദ് പവാര്‍ കൂടി അറിഞ്ഞു കൊണ്ടാണ് ഈ തീരുമാനമെന്നാണ് കരുതിയത്'; എന്‍.സി.പിയിലേക്ക് തിരിച്ചെത്തിയ എം.എല്‍.എമാര്‍ പറയുന്നു
മുംബൈ: എന്താണ് വെള്ളിയാഴ്ച രാത്രിക്കും തിങ്കളാഴ്ചയ്ക്കുമിടയില്‍ സംഭവിച്ചതെന്ന് അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച് പിന്നീട് എന്‍.സി.പിയില്‍ തിരിച്ചെത്തിയ രണ്ടു എംഎല്‍.എമാര്‍ പറയുന്നു. എന്‍.സി.പിഅനില്‍ പാട്ടിലും ദൗലത്ത് ദറോദയും ഇന്ത്യാ ടുഡേയോടാണ് പ്രതികരിച്ചത്.
‘അജിത് പവാര്‍ വെള്ളിയാഴ്ച രാത്രി ഞങ്ങളെ വിളിച്ചു. എന്നിട്ട് ശനിയാഴ്ച രാവിലെ ഏഴുമണിക്ക് കാണണമെന്ന് പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹം കാണണമെന്നു പറഞ്ഞാല്‍ ചെല്ലാതിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഞങ്ങള്‍ ബംഗ്ലാവിലെത്തി. ഞങ്ങളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു’അനില്‍ പാട്ടീല്‍ പറഞ്ഞു.
‘ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് രാജ്ഭവന്‍ എത്തുന്നവരെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. എത്തി ഒരു 15 മിനിട്ട് കഴിഞ്ഞു കാണണം, ദേശീയ ഗാനം ആലപിക്കാന്‍ തുടങ്ങി. സത്യപ്രതിജ്ഞ തുടങ്ങി. വീണ്ടും ദേശീയ ഗാനം ആലപിക്കുന്നത് കേട്ടു’. അദ്ദേഹം പറഞ്ഞു.
‘സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ ഞങ്ങളോട് പറഞ്ഞു, അഞ്ചു വര്‍ഷവും നീണ്ടു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ നമുക്ക് ഉണ്ടാക്കണം. മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് ഒരു സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നൊക്കെ പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ്. അപ്പോള്‍ നമുക്ക് രണ്ടു പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞു, കാരണം ഞങ്ങള്‍ ആദ്യം കരുതിയത് ഇത് സംഭവിക്കുന്നത് ശരദ് പവാര്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് എന്നാണ്. അതുകൊണ്ട് മുന്നോട്ടു പോകൂ എന്നുതന്നെ ഞങ്ങള്‍ അജിത് പവാറിനോട് പറഞ്ഞു. എന്‍.സി.പി എം.എല്‍.എമാര്‍ നിങ്ങളോട് കൂടെയുണ്ടാകും എന്നും പറഞ്ഞു.
‘സാധാരണ എം.എല്‍.എമാര്‍ ശരദ് പവാറുമായി നേരിട്ട് ബന്ധപ്പെടാറില്ല. അധികവും അജിത് പവാര്‍ വഴിയാണ് ചെയ്യുക. അതുകൊണ്ട് തന്നെ പാട്ടീല്‍ കരുതിയത് ഇതും പാര്‍ട്ടി പറഞ്ഞ കാര്യമായിരിക്കും എന്നാണ്. പാര്‍ട്ടി കുടുക്കിലാണെന്നാണ് അജിത് പവാര്‍ തങ്ങളോട് പറഞ്ഞതെന്നും പാട്ടീല്‍ വ്യക്തമാക്കി.
ദല്‍ഹിയിലെത്തിയപ്പോള്‍ ആരേയും ഞങ്ങള്‍ക്കറിയില്ല, കുറച്ച് ബി.ജെ.പി നേതാക്കള്‍ അവിടെ ഞങ്ങളെ കാണാന്‍ വന്നിട്ടുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. തിരക്കിനിടയില്‍ ഞങ്ങളെ കാറില്‍ കയറ്റി ഗുരുഗ്രാമിലെ ഹോട്ടലില്‍ ഇറക്കുകയായിരുന്നു. അവിടെ നിരവധി പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ആദ്യം കരുതിയത് അവര്‍ അവിടുത്തെ സന്ദര്‍ശകരായിരിക്കും എന്നാണ്. അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് എന്നാല്‍ പിറ്റേദിവസമാണ് മനസിലായത്’. പാട്ടീല്‍ പറഞ്ഞു.
‘സത്യാവസ്ഥ മനസിലായതോടെ പാര്‍ട്ടി നേതാവ് ശരദ് പവാറിനെ വിവരം അറിയിക്കുകയും അദ്ദേഹം എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു’.പാട്ടീല്‍ പറഞ്ഞു.
ശേഷം ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാത്തിരുന്നു. ചില പ്രാദേശിക നേതാക്കള്‍ ലിഫ്റ്റ് ഇറങ്ങിയിട്ട് എങ്ങനെ ഹോട്ടലിന് പുറത്തു വരണമെന്നും ഏതു വഴി സ്വീകരിക്കണമെന്നും പറഞ്ഞു തന്നു. മൂന്നു നാലു മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ഹോട്ടലിന് പുറത്തെത്തുകയായിരുന്നു.
തങ്ങള്‍ക്ക് മറ്റൊരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ദൗലത്ത് ദറോദ പറഞ്ഞു.
‘മറ്റൊരു പാര്‍ട്ടിയുമായും ഞങ്ങള്‍ക്ക് ബന്ധമില്ല, ഞങ്ങള്‍ ശരദ് പവാറിനെയും സുപ്രിയ സുലേയെയും വിളിച്ചു. അവര്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
എന്‍.സി.പിയുടെ ചിഹ്നത്തില്‍ മത്സരിച്ചു കൊണ്ടാണ് ഞങ്ങള്‍ വിജയിച്ചത്. ശരദ് പവാറാണ് ഞങ്ങളുടെ നേതാവ്. ശരദ് പവാര്‍ നിര്‍ദേശിക്കുന്ന വിപ്പിനെ തന്നെ ഞങ്ങളും പിന്തുടരും. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് ധാരാളമാണ് ദൗലത്ത്’പറഞ്ഞു.