സര്‍ക്കാരിനൊപ്പം പോയ രണ്ട് എം.എല്‍.എമാര്‍ കൂടി തിരിച്ചെത്തി; ശക്തി തെളിയിക്കാന്‍ പുതിയ ചരടുവലിയുമായി ശരദ് പവാര്‍
national news
സര്‍ക്കാരിനൊപ്പം പോയ രണ്ട് എം.എല്‍.എമാര്‍ കൂടി തിരിച്ചെത്തി; ശക്തി തെളിയിക്കാന്‍ പുതിയ ചരടുവലിയുമായി ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th July 2023, 9:47 am

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ-ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരില്‍ ചേര്‍ന്ന രണ്ട് എന്‍.സി.പി എം.എല്‍.എമാര്‍ കൂടി ശരദ് പവാര്‍ പക്ഷത്തേക്ക് തിരിച്ചെത്തി. സത്താറ എം.എല്‍.എ മക്‌രന്ദ് പാട്ടീലും നോര്‍ത്ത് കരാഡ് എം.എല്‍.എ ബാലാസാഹേബ് പാട്ടീലും ശരദ് പവാറിന്റെ പാളയത്തിലേക്ക് മടങ്ങിയെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പൂനെയിലെ ഷിരൂര്‍ മണ്ഡലത്തിലെ എം.പിയായ അമോല്‍ കോല്‍ഹേയും ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശരദ് പവാര്‍ എന്ത് പറയുന്നുവോ അതാണ് തന്റെ അവസാന വാക്കെന്നാണ് അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയത്.

രാജ്യസഭയിലെയും ലോക്സഭയിലെയും മൂന്ന് എം.പിമാര്‍ വീതം ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്ന് എന്‍.സി.പി സംസ്ഥാന വക്താവ് മഹേഷ് താപ്സെ ഇന്നലെ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം നാല് രാജ്യസഭ എം.പിമാരും നാല് ലോക്സഭ എം.പിമാര്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ആകെയുള്ള എട്ടില്‍ രണ്ട് പേര്‍ മാത്രമേ അജിത് പവാറിനൊപ്പം പോയിട്ടുള്ളൂ. ആറ് എം.പിമാരും ഞങ്ങളുടെ പക്ഷത്താണ്,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിട്ടവരെ അയോഗ്യരാക്കാനായി സ്പീക്കര്‍ക്ക് രണ്ട് പരാതികള്‍ അയച്ചെന്നും, അജിത് പവാറിനൊപ്പം പോയ നേതാക്കള്‍ക്ക് മടങ്ങിവരാന്‍ അധികസമയം നല്‍കില്ലെന്നും ശരദ് പവാര്‍ താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

 

എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ സെന്ററില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ എം.പിമാരും എം.എല്‍.എമാരും തുടങ്ങി പാര്‍ട്ടി ജില്ലാ ഭാരവാഹി നേതാക്കള്‍ വരെയുള്ളവരോട് നിര്‍ബന്ധമായും പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശരദ് പവാര്‍ പക്ഷത്തെ പാര്‍ട്ടി വക്താവായ ജയന്ത് രാജാറാം പാട്ടീലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

എല്ലാ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍, ജില്ലാ ഇന്‍സ്‌പെക്ടര്‍മാര്‍, താലൂക്ക് പ്രസിഡന്റുമാര്‍, സിറ്റി പ്രസിഡന്റുമാര്‍, റീജിയണല്‍ ഓഫീസര്‍മാര്‍, എല്ലാ മുന്നണികളുടെയും സംഘടനാ ഭാരവാഹികള്‍, എല്ലാ സെല്ലുകളുടെയും സംസ്ഥാന മേധാവികള്‍, ജില്ലാ മേധാവികള്‍ തുടങ്ങിയവരും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജയന്തറാവു പാട്ടീല്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, എല്ലാ കുടുംബ പാര്‍ട്ടികളും ആഗ്രഹിക്കുന്നതുപോലെ പാര്‍ട്ടിയുടെ പാരമ്പര്യം മകള്‍ക്ക് കൈമാറാനാണ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ആഗ്രഹിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിമര്‍ശിച്ചു. ‘തന്റെ പാരമ്പര്യം കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ശരദ് പവാര്‍ സുപ്രിയ സുലെയെ എന്‍.സി.പിയുടെ വര്‍ക്കിങ് പ്രസിഡന്റാക്കിയത്.

പക്ഷേ ഡ്രൈവിങ് സീറ്റില്‍ ഇപ്പോഴും ഇരിക്കുന്നത് ശരദ് പവാര്‍ മാത്രമാണ്. അദ്ദേഹം രാഷ്ട്രീയ ജാഗ്രതയുള്ളയാളാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാന്‍ കരുത്തുള്ള പ്രധാന വ്യക്തിയാണ് അദ്ദേഹം,’ ഫഡ്നാവിസ് എ.എന്‍.ഐയോട് പറഞ്ഞു.

Content Highlights: two NCP mla’s return back to sharad pawar’s side