World News
'ജാഗ്രതയോടെയുള്ള സൗഹൃദത്തിനേയുള്ളൂ'; നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന യു.എ.ഇയുടെ പ്രസ്താവന സ്വാഗതം ചെയ്ത് തുര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 13, 03:27 am
Wednesday, 13th January 2021, 8:57 am

അങ്കാര: തുര്‍ക്കിയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന യു.എ.ഇ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് തുര്‍ക്കി. തുര്‍ക്കിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് യു.എ.ഇയുടെ പ്രസ്താവന സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.

എന്നാല്‍ ഇത് ധൃതിപ്പെട്ടുള്ള ഒരു ഉടമ്പടിയുടെ സൂചനയായി തുര്‍ക്കി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഐയോടായിരുന്നു പേര് വെളിപ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശത്തോടെ തുര്‍ക്കിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

എമിറാറ്റി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ തുര്‍ക്കി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ എപ്പോഴും പറഞ്ഞത് പോലെ തന്നെ യു.എ.ഇയാണ് ഈ മേഖലയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഞങ്ങള്‍ അത്തരം ശ്രമങ്ങള്‍ ഒരിക്കലും നടത്തിയിട്ടില്ല,”അദ്ദേഹം പറഞ്ഞു.

അങ്കാരയിലെ ഉദ്യോഗസ്ഥര്‍ യു.എ.ഇയുടെ പെട്ടെന്നുള്ള പ്രസ്താവനയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിദേശകാര്യമന്ത്രിയുടെ പ്രസ്താവന കൊണ്ട് മാത്രം പ്രാദേശിക നയങ്ങളില്‍ ഹൃദയത്തില്‍ നിന്നുള്ള ഒരു മാറ്റം അബുദാബിക്ക് ഉണ്ട് എന്ന് പറയാന്‍ സാധിക്കില്ല.

സിറിയ, ലിബിയ, സൊമാലിയ തുടങ്ങി ഒന്നിലധികം വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ തമ്മില്‍ വൈരുദ്ധ്യമുള്ളത് കൊണ്ട് തന്നെ തുര്‍ക്കി കനത്ത ജാഗ്രതയിലാണ്,”

തുര്‍ക്കിയുമായി സൗഹൃദത്തിന് തയ്യാറാണെന്നും ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍ എന്നും യു.എ.ഇയുടെ വിദേശകാര്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് തുര്‍ക്കിയോട് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഞങ്ങള്‍ക്ക് തുര്‍ക്കിയുമായി അതിര്‍ത്തി പ്രശ്നങ്ങളോ മറ്റ് ഗൗരവമായ തര്‍ക്കങ്ങളോ നിലനില്‍ക്കുന്നില്ല,” എന്ന് ഗര്‍ഗാഷ് സ്‌കൈ ന്യൂസ് അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

തുര്‍ക്കി മുസ്‌ലിം ബ്രദര്‍ഹുഡിനുളള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം യു.എ.ഇ വിദേശകാര്യമന്ത്രി ലിബിയയിലെ യുദ്ധവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെക്കുറിച്ച് പ്രതികരണത്തിന് തയ്യാറായില്ല. നാറ്റോ പിന്തുണയോടെയുള്ള സൈന്യം മുഹമ്മദ് ഗദ്ദാഫിയെ പുറത്താക്കിയതിന് ശേഷം ലിബിയയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

യു.എ.ഇ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് തുര്‍ക്കിയോടുള്ള നിലപാടും വ്യക്തമാക്കി യു.എ.ഇ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം യു.എ.ഇ നയം സൗദി അറേബ്യ എങ്ങിനെ സ്വീകരിക്കുമെന്നത് വ്യക്തമല്ല.

ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന നിലപാട് ഖത്തര്‍ എടുത്തിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് മുന്‍പ് തുര്‍ക്കിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങിയതിന്റെ പേരിലാണ് തുര്‍ക്കിക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ അമേരിക്ക സ്വീകരിച്ചത്.

ഉപരോധത്തിന്റെ ഭാഗമായി തുര്‍ക്കിയുടെ മിലിട്ടറി വകുപ്പിന് നല്‍കിയിരുന്ന എല്ലാ എക്‌സ്‌പോര്‍ട്ട് ലൈസന്‍സുകളും സാമ്പത്തിക സഹായവും യു.എസ് നിരോധിക്കുകയായിരുന്നു. തുര്‍ക്കി മിലിട്ടറി വകുപ്പ് തലവനായ ഇസ്മായില്‍ ഡെമിറിന് സഞ്ചാര വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Turkey welcomes UAE’s positive statement on relations, but not yet fully convinced