World News
യു.എ.ഇയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങി തുര്‍ക്കി, എംബസി അടയ്ക്കുന്നത് പരിഗണനയിലുണ്ടെന്ന് എര്‍ദൊഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 15, 10:01 am
Saturday, 15th August 2020, 3:31 pm

അങ്കാര: ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതകള്‍ ഏറുന്നു. യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്.

‘ ഫലസ്തീനെതിരെയുള്ള നീക്കം സഹിക്കാവുന്ന നടപടിയല്ല. ഫലസ്തീന്‍ ഒന്നുകില്‍ യു.എ.ഇയിലെ എംബസി അടക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. അതേ കാര്യം ഇപ്പോള്‍ ഞങ്ങള്‍ക്കും സാധുതയുള്ളതാണ്,’ എര്‍ദൊഗാന്‍ പറഞ്ഞു.

യു.എ.ഇയുടെ ഈ നീക്കത്തിന് ചരിത്രം മാപ്പു തരില്ലെന്നാണ് നേരത്തെ തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്. ‘യു.എ.ഇയുടെ ഈ കപട സ്വഭാവത്തെ ചരിത്രവും മേഖലയിലെ ജനങ്ങളുടെ മനസാക്ഷിയും ഒരിക്കലും മറക്കുകയോ മാപ്പു നല്‍കുകയോ ഇല്ല സങ്കുചിത താല്‍പര്യങ്ങള്‍ക്കായി ഫലസ്തീനിയന്‍ ജനതയെ വഞ്ചിച്ചു,’ തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.

ഏകപക്ഷീയമായ നീക്കത്തിലൂടെ അറബ് ലീഗിന്റെ 2002 ലെ അറബ് സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാ ജനകമാണെന്നും തുര്‍ക്കി പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ