ന്യൂദൽഹി : ഇന്ത്യാ ബ്ലോക്കിലെ ഭിന്നതകൾ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ജനതാദൾ (യുണൈറ്റഡ്) സഖ്യം വിടുന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് ബിഹാർ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ഖാർഗെ പറഞ്ഞു.
ജെ.ഡി.യു മുതിർന്ന നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനും ബി.ജെ.പിയുമായി സഖ്യത്തിൽ ചേരാനും സാധ്യതയുണ്ട് എന്നുള്ള അഭ്യൂഹങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിതീഷ് കുമാറിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.
‘എന്നാൽ നിതീഷിൻ്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. നാളെ ഞാൻ ദൽഹിയിൽ പോയി മുഴുവൻ വിവരങ്ങളും ശേഖരിക്കും. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,’ ഖാർഗെ പറഞ്ഞു.
അതേസമയം ബീഹാർ മുഖ്യമന്ത്രിയുമായി മല്ലികാർജുൻ ഖാർഗെ ഫോണിലൂടെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരക്കിലാണ് എന്ന മറുപടിയാണ് ലഭിച്ചത് എന്ന് കോൺഗ്രസ് ഔദ്യോഗിക പ്രസ്താവനയിലൂടെ പറഞ്ഞു.
‘ഇന്ത്യ ബ്ലോക്കിലെ എല്ലാവരെയും ഒരുമിപ്പിക്കാൻ കോൺഗ്രസ് ആത്മാർത്ഥമായി ശ്രമിക്കുകയാണ്. അതിൻറെ ഭാഗമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും സംസാരിച്ചിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യം നന്നായി പ്രവർത്തിക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും ആഗ്രഹിക്കുന്നവർ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല,’ അദ്ദേഹം പറഞ്ഞു.
2024 പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ ബ്ലോക്ക് സഖ്യത്തിലുള്ള പ്രാദേശിക പാർട്ടികൾക്കിടയിൽ സീറ്റ് വിഭജനുമായ ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും ആക്ഷേപം ഉയർന്നിരുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിൽ തങ്ങളുടെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമത ബാനർജിയുടെ പ്രഖ്യാപനം സഖ്യത്തിന് ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
Content Highlight: Trying our best to unite everyone’: Mallikarjun Kharge on Bihar political crisis