'ഗവര്‍ണര്‍ ഓഫ് ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡ'; ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് ട്രംപ്
World News
'ഗവര്‍ണര്‍ ഓഫ് ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡ'; ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2024, 4:34 pm

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂഡോയുമായി ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് സംഭവം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴിയായിരുന്നു ട്രംപിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗവര്‍ണര്‍ ഓഫ് ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡ ആയ ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം അത്താഴം കഴിച്ചത് വളരെ സന്തോഷകരമായി തോന്നി എന്ന് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഈ മീറ്റിങ്ങില്‍ വെച്ച് മയക്കുമരുന്നിന്റെ നിയമവിരുദ്ധ ഉപയോഗം പോലെ ഇരു രാജ്യങ്ങളും ഒരുമിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്താതായി ട്രംപ് പറയുന്നു.

‘അമേരിക്കന്‍ തൊഴിലാളികളെ അപകടത്തിലാക്കാത്ത വ്യാപാര ഡീലുകള്‍, കാനഡയും യു.എസും തമ്മിലുള്ള വ്യാപാരം എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. മയക്കുമരുന്ന് പോലെ യു.എസിലെ കുടുംബങ്ങളെ നശിപ്പിക്കുന്ന പ്രവണതകളെ അവസാനിപ്പിക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ട്രൂഡോ പ്രതിജ്ഞാബദ്ധമാണ്. ഊര്‍ജം, വ്യാപാരം, ആര്‍ട്ടിക് എന്നിവ പോലുള്ള മറ്റ് പല പ്രധാന വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു,’ ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.

ഇതാദ്യമായല്ല ട്രംപ് ഇത്തരത്തില്‍ ട്രൂഡോയെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത്. ട്രൂഡോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ നികുതി ഭാരം താങ്ങാനാകുന്നില്ലെങ്കില്‍ കാനഡയെ അമേരിക്കയുടെ 51ാമത് സ്റ്റേറ്റ് ആക്കാം എന്നും ട്രൂഡോയെ അതിന്റെ ഗവര്‍ണറായി നിയമിക്കാമെന്നും ട്രംപ് പരിഹസിച്ചിരുന്നു.

കാനഡയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ നിലപാട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഫോക്‌ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാനഡയ്ക്കുമേല്‍ 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അത് കാനഡയുടെ വിപണിയെ കൊല്ലുമെന്നും ട്രൂഡോ പറഞ്ഞു. എന്നാല്‍ 100 ബില്യണ്‍ ഡോളര്‍ യു.എസില്‍ നിന്ന് കൊള്ളയടിക്കാതെ നിങ്ങളുടെ രാജ്യത്തിന് നിലനില്‍ക്കാനാവില്ലേ എന്നാണ് ട്രംപ് തിരിച്ച് ചോദിച്ചത്.

 ട്രംപിന്റെ മറുപടി കേട്ട് ട്രൂഡോയും അദ്ദേഹത്തിന്റെ സഹായികളും പരിഭ്രാന്തരായി ചിരിച്ചുവെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൂടിക്കാഴ്ച്ചയ്ക്കിടെ അതിര്‍ത്തിയിലെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ ട്രംപിന് ഉറപ്പ് നല്‍കി.

Content Highlight: Trump mocks Trudeau, calls him as ‘Governor of the great state of Canada’