വാഷിങ്ടൺ: ചെെനയിൽ പടർന്നു പിടിച്ച കൊറോണ വെെറസ് അമേരിക്കയെ എങ്ങിനെ ബാധിക്കുമെന്നത് സംബന്ധിച്ച് സെൻട്രൽ ഇന്റലിജൻസ്(സി.ഐ.എ) ഏജൻസി നൽകിയ മുന്നറിയിപ്പുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവഗണിച്ചുവെന്ന് റിപ്പോർട്ടുകൾ. സി.ഐ.എ നൽകിയ 12 മുന്നറിയിപ്പുകളാണ് ട്രംപ് അവഗണിച്ചത്.
ജനുവരിയിലും ഫെബ്രുവരിയിലും വെെറസ് അമേരിക്കയിൽ ഉണ്ടാക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സി.ഐ.ഐയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ട്രംപ് ഇന്റലിജൻസിന്റെ നിർദേശങ്ങളെ അവഗണിക്കുകയായിരുന്നുവെന്നും വെെറസ് പ്രതിരോധത്തിന് മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
കൊവിഡ് 19നെ ഫ്ളുവിനോട് ഉപമിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫെബ്രുവരി 26ന് പോലും ട്രംപ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അമേരിക്കയിലെ കൊവിഡ് കേസുകൾ ഗണ്യമായി കുറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഗണ്യമായ വർദ്ധനയാണ് വെെറസ് വ്യാപനത്തിലുണ്ടായത്. അമേരിക്കയിലെ കൊവിഡ് മരണം ഇതിനോടകം അമ്പതിനായിരം കടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേ സമയം ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പ് അവഗണിച്ച ട്രംപ് വിഷയത്തിൽ ലോകാരോഗ്യ സംഘടനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. വെെറസ് വ്യാപനവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്നതിലും പ്രതിരോധിക്കുന്നതിലും ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന ഫണ്ടും അമേരിക്ക നിർത്തിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.