'തുണ്ടുപടം' കാണാന്‍ വേണ്ടിയായിരുന്നില്ല ഈ പെണ്‍കുട്ടികളുടെ സമരം: മുദ്രാവാക്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അധിക്ഷേപിച്ചത് അവകാശങ്ങള്‍ക്കുവേണ്ടി പോരാടി വിജയിച്ചവരെ
Gender Equity
'തുണ്ടുപടം' കാണാന്‍ വേണ്ടിയായിരുന്നില്ല ഈ പെണ്‍കുട്ടികളുടെ സമരം: മുദ്രാവാക്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അധിക്ഷേപിച്ചത് അവകാശങ്ങള്‍ക്കുവേണ്ടി പോരാടി വിജയിച്ചവരെ
ഹരിപ്രസാദ്. യു
Saturday, 10th February 2018, 11:51 am

 

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. കുറേ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത്തരം വിചിത്രമായ ഒരാവശ്യത്തിന് പെണ്‍കുട്ടികള്‍ സമരം ചെയ്യുമോ എന്നൊന്നും ചിന്തിക്കാന്‍ സാമാന്യബുദ്ധിയെ അനുവദിക്കാത്ത മലയാളികള്‍ ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്ത് വൈറലാക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ ചെറുവരക്കോണത്തുള്ള സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ പെണ്‍കുട്ടികളാണ് കോളേജില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി മുദ്രാവാക്യങ്ങള്‍ വിളിച്ചത്. “റേഞ്ച് കിട്ടാ പട്ടിക്കാട്ടില്‍, എങ്ങനെ കാണും തുണ്ടുപടം” എന്നായിരുന്നു പെണ്‍കുട്ടികള്‍ വിളിച്ച മുദ്രാവാക്യം. ഇത്രയും പോരേ വീഡിയോ വൈറലാകാന്‍!

എന്നാല്‍, 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അതിനുശേഷം അവര്‍ വിളിക്കുന്ന മുദ്രാവാക്യം ഇങ്ങനെയാണ്:

“പോയേ പോയേ കിടപ്പാടം പോയേ,
തായോ തായോ തിരിച്ചു തായോ.
ഇറക്കി വിട്ടേ ഇറക്കി വിട്ടേ,
ഞങ്ങളെ ഹോസ്റ്റലീന്നിറക്കി വിട്ടേ”

ഇതു കേട്ടപ്പോള്‍ പോലും അവര്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരിക്കും സമരം ചെയ്തത് എന്ന് ആലോചിക്കാത്തവരാണ് വീഡിയോ വൈറലാക്കാന്‍ ഉത്സാഹിച്ചത്. ചിരിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഈ മുദ്രാവാക്യം വിളിച്ചതെന്നും ആരും ശ്രദ്ധിച്ചില്ല. ആദ്യ രണ്ടുവരി കേട്ടപ്പോള്‍ തന്നെ ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ഈ കുട്ടികളെ അധിക്ഷേപിച്ചും വീഡിയോ ഷെയര്‍ ചെയ്ത് കൂടുതല്‍ പേരിലേക്ക് എത്തിച്ചും തങ്ങളുടെ പ്രബുദ്ധത തെളിയിക്കാനായിരുന്നിരിക്കണം ഭൂരിഭാഗം പേരും ശ്രമിച്ചിട്ടുണ്ടാകുക.


തിരുവനന്തപുരം സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്‌

മലയാളികളുടെ അച്ചടക്കമില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ഇരകളാകേണ്ടിവന്ന ഈ പെണ്‍കുട്ടികളില്‍ പലരും ഇപ്പോള്‍ മാനസികമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. എന്നാലും അതിനേക്കാളെല്ലാം വലിയ സന്തോഷവും ഇവര്‍ക്കുണ്ട്. കാരണം, സമരം ചെയ്ത്, തൊണ്ടകീറി മുദ്രാവാക്യങ്ങള്‍ വിളിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത മിടുക്കികളാണ് സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ പെണ്‍പുലികള്‍.

സമരം വിജയിച്ചതിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കേണ്ടിയിരുന്ന ഇവര്‍ക്ക് എങ്ങനെയാണ് അധിക്ഷേപത്തിന്റെ കല്ലേറ് ഏല്‍ക്കേണ്ടി വന്നത്? ഏതു സാഹചര്യത്തിലായിരിക്കും പെണ്‍കുട്ടികള്‍ക്ക് ഇത്തരമൊരു മുദ്രാവാക്യം വിളിക്കേണ്ടി വന്നിട്ടുണ്ടാകുക? എന്തിനു വേണ്ടിയായിരുന്നു അവരുടെ സമരം?

വിവാദമായ മുദ്രാവാക്യം

വീഡിയോ കണ്ടവരില്‍ ഭൂരിഭാഗവും “നിഷ്‌കളങ്കമായി” ചിന്തിച്ചതു പോലെ തുണ്ടുപടം അഥവാ അശ്ലീല വീഡിയോകള്‍ കാണാന്‍ ഫോണിന് റേഞ്ച് കിട്ടാത്ത പ്രശ്‌നത്തിന് പരിഹാരം കാണാനായിരുന്നില്ല അവര്‍ ഈ മുദ്രാവാക്യം വിളിച്ചത്. അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ ആത്മരോഷമാണ് ആ മുദ്രാവാക്യത്തില്‍ പ്രതിഫലിച്ചതെന്നാണ് പെണ്‍കുട്ടികളുടെ വാക്കുകളില്‍ നിന്ന് വ്യക്തമായത്. ഹോസ്റ്റലിലെത്തി വിദ്യാര്‍ത്ഥിനികളോടു സംസാരിക്കുന്നതിനിടെ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ ആക്ഷേപമാണ് തങ്ങളെ കൊണ്ട് ഈ മുദ്രാവാക്യം വിളിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“നിങ്ങള്‍ക്ക് രാത്രിയില്‍ തുണ്ടുപടം കാണുന്നതാണ് ഇവിടെ പരിപാടി. അതുകൊണ്ടാണ് രാവിലെ എഴുന്നേറ്റ് കോളേജില്‍ വരാന്‍ ബുദ്ധിമുട്ട്. അതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരോട് ഇത്ര താല്‍പ്പര്യം. നിങ്ങള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗികള്‍ ഉണ്ട്.” എന്നെല്ലാമാണ് പ്രിന്‍സിപ്പല്‍ ഡോ. എ. പ്രസന്ന തങ്ങളോട് പറഞ്ഞതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകരോടും പ്രിന്‍സിപ്പല്‍ ഇതേ കാര്യങ്ങള്‍ പറഞ്ഞ് തങ്ങളെ അപമാനിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതിനെതിരെയാണ് കുട്ടികള്‍ ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിച്ചത്.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ. പ്രസന്ന

“ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രിന്‍സിപ്പല്‍ ഇത്തരത്തിലാണ് ഞങ്ങളോടു സംസാരിക്കുന്നത് എന്ന് പുറംലോകം അറിയാനാണ് ഞങ്ങള്‍ ഈ മുദ്രാവാക്യം ഉണ്ടാക്കി വിളിച്ചത്. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഇത്രത്തോളം ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല.” -സമരം നടത്തിയ പെണ്‍കുട്ടികള്‍ പറയുന്നു.

കോളേജ് ഗെയിറ്റിനു പുറത്ത് തങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുകയായിരുന്ന ആണ്‍കുട്ടികളാണ് ഈ മുദ്രാവാക്യം തങ്ങള്‍ വിചാരിച്ച രീതിയിലല്ല പ്രചരിക്കപ്പെടുന്നത് എന്ന് പറഞ്ഞത്. അവര്‍ പറഞ്ഞതിനനുസരിച്ച് ഈ മുദ്രാവാക്യങ്ങള്‍ പിന്നീട് ഒഴിവാക്കിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. സമരവീര്യം പുറംലോകത്തെ അറിയിക്കുക എന്ന സദുദ്ദേശത്തോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഈ മുദ്രാവാക്യങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

സ്മാര്‍ട്ട് പിക്‌സ് മീഡിയ ഫേസ്ബുക്ക് പേജുവഴി വിദ്യാര്‍ത്ഥിനികള്‍ സമരത്തെക്കുറിച്ച് വിശദീകരിക്കുന്നു- വീഡിയോ:

 

എന്നാല്‍ ഇതിനിടെ ചിലര്‍ ദൃശ്യങ്ങളില്‍ നിന്നും ഈ മുദ്രാവാക്യമുള്‍പ്പെടുന്ന ഭാഗം മാത്രം മന:പൂര്‍വ്വം മുറിച്ചു മാറ്റി കുപ്രചരണം നടത്തുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അശ്ലീല സിനിമകള്‍ കണ്ടതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരാണ് ഈ പെണ്‍കുട്ടികളെന്നും അവരെ തിരിച്ചെടുക്കാനാണ് സമരം ചെയ്യുന്നതെന്നും അശ്ലീല സിനിമകള്‍ കാണാന്‍ ഫോണിന് റേഞ്ചില്ലാണ് ഇവരുടെ പരാതിയെന്നുമെല്ലാമാണ് പിന്നീടുണ്ടായ പ്രചരണം.

പരിചയത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ ഉണ്ടായ പ്രചരണങ്ങളെ തടുക്കാന്‍ കഴിഞ്ഞു. എല്ലാം കെട്ടടങ്ങിയെന്നു കരുതിയപ്പോഴാണ് വീണ്ടും കുപ്രചരണം ആരംഭിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു. വളരെ മോശമായാണ് തങ്ങളെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങളെ അപമാനിക്കായി ചിലര്‍ ആസൂത്രിതമായാണ് വീഡിയോ പ്രചരിപ്പിച്ചതാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

എന്നാല്‍ സ്മാര്‍ട്ട് പിക്‌സ് മീഡിയ ഉള്‍പ്പെടെയുള്ള ചില ഫേസ്ബുക്ക് പേജുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

സമരത്തിന്റെ ചരിത്രം

കോളേജിന്റെ വനിതാ ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വൃത്തിയില്ലാത്ത അന്തരീക്ഷത്തിലുള്ള ഭക്ഷണവുമെല്ലാമായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പ്രശ്‌നങ്ങള്‍. ഇവ പരിഹരിക്കുക എന്നതായിരുന്നു വിദ്യാര്‍ത്ഥിനികളുടെ ആവശ്യം.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം നല്‍കുന്നതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ ഭക്ഷ്യസുരക്ഷാ ഓഫീസില്‍ ഉദ്യോഗസ്ഥന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസന്‍സ് പോലുമില്ലാതിരുന്ന ഹോസ്റ്റല്‍ അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ട ഉദ്യോഗസ്ഥന്‍ 10 ദിവസത്തേക്ക് ഹോസ്റ്റല്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി.

അന്നു തന്നെ വിദ്യാര്‍ത്ഥിനികളുടെ മീറ്റിങ് വിളിച്ചുചേര്‍ത്ത പ്രിന്‍സിപ്പല്‍ അവരോടു പഞ്ഞത് “നിങ്ങള്‍ ഇരിക്കുന്ന കൊമ്പാണ് മുറിച്ചത്.” എന്നാണ്. മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ അടച്ചു പൂട്ടുമെന്ന ഭീഷണിയും പ്രിന്‍സിപ്പല്‍ മുഴക്കിയതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഏഴാം തീയ്യതി രക്ഷിതാക്കളുടെ യോഗം വിളിച്ചതായും പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ അറിയിച്ചു.

എന്നാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല. പിന്നീട് അഞ്ചാം തിയ്യതി ഹോസ്റ്റലിലെ നോട്ടീസ് ബോര്‍ഡില്‍ പുതിയ അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ഒന്‍പതാം തിയ്യതി വൈകീട്ട് അഞ്ചരയ്ക്ക് ഹോസ്റ്റല്‍ പൂട്ടുമെന്നും അതിനു മുന്‍പായി എല്ലാവരും സാധനങ്ങളെടുത്ത് ഒഴിഞ്ഞു പോകണമെന്നുമായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് ഹോസ്റ്റല്‍ അടയ്ക്കുന്നതെന്നും നോട്ടീസില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഹോസ്റ്റല്‍ വീണ്ടും തുറക്കുന്ന തിയ്യതി നോട്ടീസില്‍ ഉണ്ടായിരുന്നില്ല. രക്ഷിതാക്കളുടെ യോഗത്തിനു മുന്‍പായി കോളേജ് അധികൃതര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് നാല് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് വിദ്യാര്‍ത്ഥിനികള്‍ ആറാം തിയ്യതി പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്.


പെണ്‍കുട്ടികളുടെ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത

 

ഹോസ്റ്റല്‍ അടച്ചിടുന്ന ദിവസങ്ങളിലും കോളേജ് പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ആ ദിവസങ്ങളിലെ അറ്റന്റന്‍സ് നല്‍കുക, ഇന്റേണല്‍ മാര്‍ക്കിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സാവകാശം നല്‍കുക, ഉടന്‍ തന്നെ പരീക്ഷയുള്ള ദൂരദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജ് മാനേജ്‌മെന്റ് പകരം താമസസൗകര്യം ഒരുക്കുക, സര്‍വ്വസാധനങ്ങളുമെടുത്ത് ഒഴിഞ്ഞുപോകുക എന്നത് ദൂരദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രയാസമായതിനാല്‍ ഈ തീരുമാനത്തിലും മാറ്റം വരുത്തുക എന്നിങ്ങനെയുള്ള നാല് ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ മുന്നോട്ട് വെച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍, രക്ഷിതാക്കള്‍ വരുമെന്നും കുട്ടികള്‍ സമരം ചെയ്യുന്നതെന്തിനാണെന്ന് അറിയില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ അറ്റന്റന്‍സിന്റെ കാര്യം പരിഗണിക്കാമെന്നും ബാക്കി ഒന്നും നടക്കില്ലെന്നുമാണ് പ്രിന്‍സിപ്പല്‍പറഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറയുന്നത്. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

83 വിദ്യാര്‍ത്ഥിനികള്‍ ഒപ്പിട്ട കത്ത് നല്‍കിയാണ് വിദ്യാര്‍ഥിനികള്‍ സമരം ആരംഭിച്ചത്. ആറാം തിയ്യതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് സമരം ആരംഭിച്ചത്. സമരത്തിന്റെ തുടക്കത്തില്‍ വിളിച്ച മുദ്രാവാക്യങ്ങളാണ് പിന്നീട് കുപ്രചരണത്തിലൂടെ “വൈറലാ”ക്കപ്പെട്ടത്. അന്ന് വൈകീട്ട് പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് പോയത് കോളേജിന്റെ പിറകിലെ വഴിയിലൂടെയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാലത്തെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാനായിരുന്നു അധികൃതരുടെ നീക്കം. അതായത് ഹോസ്റ്റല്‍ ഇപ്പോള്‍ പൂട്ടിയാല്‍ പിന്നെ തുറക്കുക ജൂണിലായിരിക്കും. തങ്ങളെ കഷ്ടപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെയായിരുന്നു ഈ തീരുമാനമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

83 വിദ്യാര്‍ത്ഥിനികളാണ് കോളേജിനകത്ത് സമരം നടത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി ആണ്‍കുട്ടികള്‍ രാത്രിയും പകലും പുറത്തുണ്ടായിരുന്നു. രാത്രി പത്തരയോടെ സ്ഥലം വാര്‍ഡ് മെമ്പറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എത്തിയെത്തി വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചു. എന്നാല്‍ തങ്ങള്‍ പണം നല്‍കുന്ന മാനേജ്‌മെന്റിന് ഇല്ലാത്ത ആശങ്കയോ സഹതാപമോ മറ്റാര്‍ക്കും വേണ്ട എന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ നിലപാട്.

അന്ന് രാത്രി പെണ്‍കുട്ടികള്‍ കോളേജിന്റെ മുറ്റത്തും, ആണ്‍കുട്ടികള്‍ കോളേജ് ഗെയിറ്റിനു പുറത്ത് റോഡിലുമാണ് ഉറങ്ങിയത്. രക്ഷിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണയോടെയാണ് പെണ്‍കുട്ടികള്‍ സമരത്തിനെത്തിയത്. പിറ്റേന്നായിരുന്നു രക്ഷിതാക്കളുടെ യോഗം. മാനേജ്‌മെന്റിലെ എല്ലാവരുടേയും ഫോണുകള്‍ ആ ദിവസങ്ങളിലെല്ലാം ഓഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

വിദ്യാര്‍ത്ഥിനികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് രക്ഷിതാക്കള്‍ യോഗത്തില്‍ നിലപാടെടുത്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒറ്റക്കെട്ടായി നിന്നതേടെ കോളേജ് അധികൃതര്‍ മുട്ടുമടക്കുകയായിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് 14-ാം തിയ്യതി മുതല്‍ കോളേജും ഹോസ്റ്റലും തുറക്കുമെന്ന് ഒടുവില്‍ അവര്‍ സമ്മതിച്ചു. യോഗത്തിന്റെ മിനുട്ട്‌സില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ടതോടെ പെണ്‍കുട്ടികളുടെ സമരം വിജയിക്കുകയായിരുന്നു. ഈ സമരവിജയത്തില്‍ ആഹ്ലാദിച്ചിരിക്കവെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ കുപ്രചരണം ആരംഭിച്ചത്.

പരാതി സൈബര്‍ സെല്ലിന്, പൊലീസിന് പിന്നെ മുഖ്യമന്ത്രിയ്ക്കും

കുപ്രചരണം അതിരുകടന്നതോടെ അതിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. സൈബര്‍ സെല്‍, പൊലീസ് എന്നിവര്‍ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തു കിട്ടിയാലും വൈറലാക്കാനുള്ള വ്യഗ്രതയില്‍ മുന്‍പിന്‍ നോക്കാതെ പ്രചരിപ്പിക്കുന്ന സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്ന് ഇവര്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ കോപ്പി