ത്രിപുരയിലെ സി.പി.ഐ.എം മുഖപത്രം 'ദേശേര്‍കഥ'യുടെ രജിസ്ട്രേഷന്‍ പിന്‍വലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി
national news
ത്രിപുരയിലെ സി.പി.ഐ.എം മുഖപത്രം 'ദേശേര്‍കഥ'യുടെ രജിസ്ട്രേഷന്‍ പിന്‍വലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th August 2020, 12:01 pm

അഗര്‍ത്തല: ത്രിപുരയിലെ സി.പി.ഐ.എം മുഖപത്രം ‘ദേശേര്‍കഥ’യുടെ രജിസ്ട്രേഷന്‍ പിന്‍വലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കാന്‍ ത്രിപുര ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് തലാപത്ര ഉത്തരവിട്ടു.

പത്രത്തിന്റെ രജിസ്ട്രേഷന്‍ പിന്‍വലിക്കാന്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഓഫ് ഇന്ത്യക്ക് ശുപാര്‍ശ നല്‍കിയ ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിയേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

‘സ്വന്തം അധികാരപരിധി മറികടന്നുള്ള അനാവശ്യമായ പ്രവൃത്തിയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്’, ഹൈക്കോടതി നിരീക്ഷിച്ചു.

ഉടമസ്ഥതയില്‍ മാറ്റമുണ്ടായത് അറിയിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് ദേശേര്‍കഥയുടെ രജിസ്ട്രേഷന്‍ പിന്‍വലിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ഉടമസ്ഥതയില്‍ മാറ്റമുണ്ടായത് പത്രവുമായി ബന്ധപ്പെട്ടവര്‍ കൃത്യസമയത്തുതന്നെ അധികൃതരെ അറിയിച്ചിരുന്നുവെന്ന വസ്തുത ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ഉടമസ്ഥതയിലുണ്ടായ മാറ്റം രേഖപ്പെടുത്തുന്നതില്‍ പ്രസ് രജിസ്ട്രാര്‍ വലിയ വീഴ്ച കാണിച്ചു.

പത്രവുമായി ബന്ധപ്പെട്ടവര്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടും ഒറ്റയടിക്ക് പത്രത്തിന്റെ രജിസ്ട്രേഷന്‍ പിന്‍വലിച്ചത് സ്വാഭാവികനീതിയുടെ നിഷേധമാണ്. പത്രത്തിന് എതിരെയോ ഉടമസ്ഥര്‍ക്ക് എതിരെയോ ഒരുരീതിയിലുള്ള ആരോപണങ്ങളും ആരും ഉന്നയിച്ചിരുന്നില്ല.

ഇത് അധികാര ദുര്‍വിനിയോഗമാണെന്നും കോടതി വിലയിരുത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tripura Desherkatha CPIM