ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന് നേരേ വധഭീഷണി സന്ദേശം. ദുര്‍ഗ വേഷം ധരിച്ച് പരസ്യചിത്രത്തില്‍ അഭിനയിച്ചതിനെതിരെയാണ് ചിലര്‍ വധഭീഷണി മുഴക്കി രംഗത്തെത്തിയത്. നുസ്രതിന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
സെപ്റ്റംബര്‍ പതിനേഴിനാണ് ദുര്‍ഗ വേഷം ധരിച്ച ചിത്രം നുസ്രത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് ശേഷം അവര്‍ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചു ദിവസത്തിനു ശേഷമാണ് ചിലര്‍ വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
‘ഈ വിവരം ബംഗാള്‍ ആഭ്യന്തര മന്ത്രാലയത്തെയും ലണ്ടനിലെ ഇന്ത്യന്‍ എംബസിസേയും അറിയിച്ചിട്ടുണ്ട്. വിദേശത്തായതിനാല്‍ നുസ്രതിന് അധിക സുരക്ഷയുറപ്പാക്കാന്‍ എംബസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- നുസ്രതിന്റെ ഓഫീസ് ജീവനക്കാരന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ഇതാദ്യമായല്ല നുസ്രതിന് നേരേ ഇത്തരം ഭീഷണികളുയരുന്നത്. മതേതര നിലപാടുകളുടെ പേരില്‍ നേരത്തേയും നുസ്രതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
പാര്‍ലമെന്റില്‍ സിന്ദൂരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിനും അവര്‍ക്കെതിരെ ഒരു വിഭാഗം മതമൗലികവാദികള്‍ ഭീഷണികളുമായി രംഗത്തെത്തിയിരുന്നു.
നുസ്രതിന്റെ ചിത്രം അനുവാദമില്ലാതെ ചിലര്‍ ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിനായി ഉപയോഗിച്ചതും ഏറെ വിവാദമായിരുന്നു. ഇതിനെതിരെ നുസ്രത് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ബംഗാളി സിനിമാ താരമായ നുസ്രത് ജഹാന്‍ 2019 ലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബസിര്‍ഹാത് സീറ്റില്‍ മത്സരിച്ച ഇവര്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.
നേരത്തെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നുസ്രതും സുഹൃത്ത് മിമിയും ജീന്‍സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ സംഭവവും ഏറെ ചര്‍ച്ചയായിരുന്നു. പാന്റും ഷര്‍ട്ടും ധരിച്ചായിരുന്നു ഇരുവരും 17ാം ലോക്‌സഭയിലേക്ക് എത്തിയത്.
സാധാരണ വനിതാ എം.പിമാര്‍ സല്‍വാര്‍ കമ്മീസോ സാരിയോ ധരിച്ചാണ് ലോക്‌സഭയിലേക്ക് എത്താറ്. എന്നാല്‍, ഇഷ്ടവസ്ത്രം ധരിച്ചെത്തിയ വനിതാ എം.പിമാരെ അഭിനന്ദിച്ച് നിരവധി പേരെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക