കൊല്‍ക്കത്ത: ബംഗാളിലെ കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 21ന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്.
ബുധനാഴ്ച ദല്‍ഹിയില്‍ ഹാജരാകാന്‍ ഇ.ഡി അഭിഷേക് ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ചെറിയ സമയത്തിനുള്ളില്‍ യാത്ര ചെയ്ത് ദല്‍ഹിയിലെത്താന്‍ സാധിക്കില്ലെന്ന് ബാനര്‍ജി അറിയിച്ചിരുന്നു. ഇതിന് മുന്‍പേ സെപ്റ്റംബര്‍ 6ന് ദല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ വെച്ച് എട്ടു മണിക്കൂറിലേറെ ബാനര്‍ജിയെ ചോദ്യം ചെയ്തിരുന്നു.
ബെംഗയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ (ഇ.സി.എല്‍) നിന്നുള്ള അനധികൃത കല്‍ക്കരി ഖനനം, കല്‍ക്കരി മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡി അന്വേഷിക്കുന്നത്.
ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊല്‍ക്കത്തയിലെ ഒരു കേസിനാണ് ഇ.ഡി തന്നെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നവംബറില്‍ പറഞ്ഞ കാര്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്, ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ ഇടപാടില്‍ എന്റെ പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞാല്‍ പരസ്യമായി സ്വയം തൂക്കിലേറും,’ അഭിഷേക് ബാനര്‍ജി പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഭിഷേക് ബാനര്‍ജിയുടെ ഭാര്യയ്ക്കും ഇ.ഡി സമന്‍സ് അയച്ചിരുന്നു.
തന്റെ അനന്തരവന്റെയും കുടുംബത്തിന്റെയും മേല്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ചില ബി.ജെ.പി മന്ത്രിമാര്‍ കല്‍ക്കരി മാഫിയയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണെന്നും മമത ആരോപിച്ചു.