2023ലെ ഐ.സി.സി ടെസ്റ്റ് ടീം ഓഫ് ദി ഇയറിലും ഒ.ഡി.എ ടീം ഓഫ് ദി ഇയറിലും ഇടം നേടിയ ഏക താരമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. റെഡ് ബോള്‍ ഫോര്‍മാറ്റിലും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലും പോയ വര്‍ഷം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഹെഡിനെ തേടി ഈ നേട്ടങ്ങളെത്തിയത്.
2023ല്‍ ഓസ്‌ട്രേലിയ രണ്ട് ഐ.സി.സി കിരീടങ്ങള്‍ നേടിയതിനുള്ള കാരണക്കാരില്‍ പ്രധാന കാരണം ഹെഡിനെ പ്രകടനമൊന്നുതന്നെയായിരുന്നു. ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയപ്പോഴും ഇന്ത്യയെ ഇന്ത്യയിലെത്തി പരാജയപ്പെടുത്തി ഐ.സി.സി ഏകദിന ലോകകപ്പ് നേടിയപ്പോഴുമെല്ലാം ഹെഡ് തന്നെയായിരുന്നു കങ്കാരുപ്പടയുടെ സ്‌കോര്‍ ബോര്‍ഡിനെ സ്വാധീനിച്ചത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹെഡ് ഓസ്‌ട്രേലിയക്ക് മത്സരത്തില്‍ മേല്‍ക്കൈ നല്‍കിയത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 181 റണ്‍സ് നേടിയ ഹെഡ് തന്നെയായിരുന്നു കളിയിലെ താരവും.
ഐ.സി.സി ലോകകപ്പ് ഫൈനലിലും ഹെഡ് സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് 43 ഓവറില്‍ പിന്തുടര്‍ന്ന് വിജയിച്ചപ്പോള്‍ അതില്‍ 137 റണ്‍സ് നേടിയതും ഹെഡ് തന്നെയായിരുന്നു. ഡബ്ല്യൂ.ടി.സി ഫൈനലിലെന്ന പോലെ ഏകദിന ലോകകപ്പ് ഫൈനലിന്റെയും താരം ഹെഡ് അല്ലാതെ മറ്റാരുമായിരുന്നില്ല.
2023ല്‍ 12 ടെസ്റ്റ് മത്സരത്തിലെ 23 ഇന്നിങ്‌സില്‍ നിന്നും 919 റണ്‍സാണ് ഹെഡ് തന്റെ പേരില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം റെഡ് ബോള്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഖവാജക്കും സ്മിത്തിനും ശേഷം മൂന്നാമനായാണ് ഹെഡ് ഫിനിഷ് ചെയ്തത്.
41.77 എന്ന ശരാശരിയിലും 75.57 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ച ഹെഡ് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും കഴിഞ്ഞ വര്‍ഷം നേടി.
പോയ വര്‍ഷം കളിച്ച 13 ഏകദിന മത്സരത്തില്‍ നിന്നും 51.81 എന്ന മികച്ച ശരാശരിയിലും 133.17 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 570 റണ്‍സാണ് താരം നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് 2023ല്‍ ഹെഡ് തന്റെ പേരില്‍ കുറിച്ചത്.