തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടക്കിടെയുള്ള വിമാനയാത്രകള്‍ക്ക് വേണ്ടി ചെലവിടുന്നത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. യാത്രാ ചെലവിനായി ബജറ്റില്‍ അനുവദിച്ച തുകയേക്കാള്‍ ഒമ്പതിരട്ടിയാണ് ഗവര്‍ണര്‍ ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
11.8 ലക്ഷം രൂപയാണ് ഗവര്‍ണറുടെ യാത്രക്ക് ബജറ്റ് വിഹിതമായി അനുവദിച്ചത്. ഇതില്‍ 8.29 ലക്ഷം രൂപ ഗവര്‍ണറുടെ ടി.എയും ബാക്കി ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ യാത്രാ ചെലവിനും വേണ്ടിയുള്ളതാണ്.
എന്നാല്‍ ഈ വര്‍ഷം ജൂലൈ അവസാനത്തോടെ തന്നെ അനുവദിച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചതായാണ് കണക്കുകള്‍. ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം മാത്രമാണ് യാത്ര ഇനത്തില്‍ അനുവദിച്ച തുകയില്‍ ബാക്കിയുണ്ടായിരുന്നത്.
ഇതോടെ യാത്രാ ചെലവായി 25 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് ജൂലൈയില്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
20.98 ലക്ഷം രൂപ വിമാന ടിക്കറ്റ് വാങ്ങിയ വകയില്‍ കുടിശ്ശികയുണ്ടെന്നും, 25 ലക്ഷം രൂപ കൂടുതല്‍ അനുവദിക്കണമെന്നുമാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, പതിവില്‍ നിന്ന് വിപരീതമായി യാത്രാ ഇനത്തില്‍ വലിയ വര്‍ധന വന്നതിനാല്‍ കൂടുതല്‍ പണം സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് 75 ലക്ഷം രൂപ യാത്രാ ഇനത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റില്‍ വീണ്ടും ഗവര്‍ണര്‍ കത്തയച്ചു.
നിരന്തരമായുള്ള കത്തിടപാടുകള്‍ക്കൊടുവില്‍ ആഗസ്റ്റ് 23ന് സര്‍ക്കാര്‍ 75 ലക്ഷം രൂപ കൂടി ഗവര്‍ണറുടെ യാത്രാ ചെലവിനായി അനുവദിക്കുകയായിരുന്നു.
മുന്‍കാലങ്ങളില്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് യാത്ര ഇനത്തില്‍ അനുവദിക്കുന്ന തുക പലപ്പോഴും പൂര്‍ണമായി ചെലവഴിക്കാറില്ലായിരുന്നു എന്നാണ് വിവരം.
ഗവര്‍ണറുടെ ദല്‍ഹി യാത്രക്കെതിരെ വിമര്‍ശനവുമായി പല എല്‍.ഡി.എഫ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും, ഭരണത്തില്‍ ഇടപെട്ടും തുടങ്ങിയ ശേഷമാണ് ഗവര്‍ണറുടെ ദല്‍ഹി യാത്രകളില്‍ കാര്യമായ വര്‍ധനയുണ്ടായതെന്നാണ് എല്‍.ഡി.എഫ് ആരോപണം.
നേരത്തെ, മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചത് വിവാദമായിരുന്നു.
യാത്രയുടെ വിശദാംശങ്ങള്‍, മുഖ്യമന്ത്രി വിദേശത്തു പോകുമ്പോഴുള്ള ഭരണക്രമീകരണം എന്നിവ ആദ്യം അറിയിക്കണം. തിരികെയെത്തിയാല്‍ യാത്രയുടെ നേട്ടങ്ങളും ഗവര്‍ണരെ അറിയിക്കണം. ഈ കീഴ് വഴക്കം മുഖ്യമന്ത്രി തെറ്റിച്ചു എന്നു കാണിച്ചാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് പരാതി കത്തു നല്‍കിയത്. പകര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറിയിരുന്നു.
അതിനിടെ, വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്നും സര്‍വകലാശാലകളെ നിയന്ത്രിക്കാനല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.