ചാപ്ലിനറിയുന്ന ഗാന്ധി ഗാന്ധിക്കറിയാത്ത ചാപ്ലിന്‍
DISCOURSE
ചാപ്ലിനറിയുന്ന ഗാന്ധി ഗാന്ധിക്കറിയാത്ത ചാപ്ലിന്‍
ദാമോദര്‍ പ്രസാദ്‌
Friday, 31st May 2024, 3:52 pm
അവസാനം ഗാന്ധി ഒരു ടാക്‌സിയില്‍ വന്നിറങ്ങിയപ്പോള്‍ ചുറ്റുപ്പാടു നിന്നും ആരവമുയര്‍ന്നു. ആഹ്ളാദം തിരതല്ലി. ജനത്തിരക്കേറിയ ആ ചെറിയ ചേരി തെരുവിലെ വിചിത്രമായ ഒരു ദൃശ്യമായിരുന്നു. ആഹ്‌ളാദം പ്രകടിപിപ്പിക്കുന്ന ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഒരു അന്യഗ്രഹ രൂപിയെന്നോണം ഗാന്ധി ആ എളിയ വീട്ടിലേക്ക് കടന്നു വന്നു. ആര്‍പ്പുവിളികളെ കൊണ്ടു ശബ്ദമുഖരിതമായിരുന്നു അവിടം. മുകളിലേക്ക് കയറിയ ഗാന്ധി ജനാലയ്ക്കരികെ വന്നു എന്നോടു വരാന്‍ ആംഗ്യം കാണിച്ചു. ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു.

1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമക്ക് ശേഷമാണ് മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞത് എന്നാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നത്. എന്നാല്‍ 1931ല്‍ തന്നെ അക്കാലത്ത് ലോകപ്രശസ്തനായിരുന്ന ചാര്‍ലി ചാപ്ലിന്‍ ഗാന്ധിയെ പരിചയപ്പെടാനായി കാത്തുനിന്നതിന്റെ അനുഭവം ചാപ്ലിന്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. 

Charlie Chaplin, My Autobiography എന്ന തന്റെ ആത്മകഥയില്‍ ലണ്ടനില്‍ വെച്ച് ഗാന്ധിയെ പരിചയപ്പെടാനായി ചാപ്ലിന്‍ കാത്തുനിന്ന ആ അനുഭവത്തിന്റെ  ദാമോദര്‍ പ്രസാദ് തയ്യാറാക്കിയ വിവര്‍ത്തനം

ഞാന്‍ ഗാന്ധിയെ ആദ്യം കാണുന്നത് ചര്‍ച്ചിലിന്റെ കൂടെ താമസിച്ചതിനു തൊട്ടുപിന്നാലെയാണ്. ഗാന്ധിയുടെ രാഷ്ട്രീയ ചാതുര്യത്തെയും ഉരുക്കുപോലുള്ള ഇച്ഛാശക്തിയെയും ഞാന്‍ എന്നും ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ലണ്ടന്‍ സന്ദര്‍ശനം അബദ്ധമാണെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ മതാത്മകമായ പ്രകടനമൊന്നും മതിപ്പുളവാക്കുന്നതല്ല.

ഗാന്ധിയുടെ ഐതിഹാസിക പ്രാധാന്യം ലണ്ടനില്‍ ശൂന്യമായതു പോലെ. ഇംഗ്ലണ്ടിലെ തണുത്ത ഇരുണ്ട കാലാവസ്ഥയില്‍ അരക്കെട്ടുവരെയുള്ള അയഞ്ഞുകിടക്കുന്നതായ പാരമ്പരാഗത വസ്ത്രധാരണം ഒട്ടും ചേര്‍ച്ചയില്ലാതെ അനുഭവപ്പെട്ടു. ലണ്ടനിലെ ഗാന്ധിയുടെ സാനിധ്യം വാചാലതയ്ക്കും കാരിക്കേച്ചറുകള്‍ക്കും വക നല്‍കി. ഒരാളുടെ ആകര്‍ഷണീയത അകലെ നിന്നാണ്.

എങ്കിലും ഗാന്ധിയെ പരിചയപ്പെടണോ എന്നെന്നോട് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഞാന്‍ ആവേശഭരിതനായി.

ഈസ്റ്റ് ഇന്ത്യ ഡോക്ക് റോഡിന് പുറത്തുള്ള ചേരി ജില്ലയിലെ ഒരു ചെറിയ വീട്ടില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. ജനക്കൂട്ടവും പത്രപ്രതിനിധികളും ഫോട്ടോഗ്രാഫര്‍മാരും തെരുവുകളിലും രണ്ടു നിലകളിലും നിറഞ്ഞു. ഏകദേശം പന്ത്രണ്ടടി ചതുരാകൃതിയിലുള്ള മുകളിലത്തെ നിലയിലെ മുറിയിലായിരുന്നു അഭിമുഖം. മഹാത്മാവ് ഇതുവരെ എത്തിയിരുന്നില്ല; കാത്തിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് എന്ത് പറയും എന്ന് ചിന്തിക്കാന്‍ തുടങ്ങി.

അദ്ദേഹത്തിന്റെ ജയില്‍വാസത്തെക്കുറിച്ചും നിരാഹാര സമരങ്ങളെക്കുറിച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെക്കുറിച്ചും ഞാന്‍ കേട്ടിരുന്നു, യന്ത്രങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിനെക്കുറിച്ച് അവ്യക്തമായിഎനിക്ക് അറിയാമായിരുന്നു.

അവസാനം ഗാന്ധി ഒരു ടാക്‌സിയില്‍ വന്നിറങ്ങിയപ്പോള്‍ ചുറ്റുപ്പാടു നിന്നും ആരവമുയര്‍ന്നു. ആഹ്ളാദം തിരതല്ലി. ജനത്തിരക്കേറിയ ആ ചെറിയ ചേരി തെരുവിലെ വിചിത്രമായ ഒരു ദൃശ്യമായിരുന്നു. ആഹ്‌ളാദം പ്രകടിപിപ്പിക്കുന്ന ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഒരു അന്യഗ്രഹ രൂപിയെന്നോണം ഗാന്ധി ആ എളിയ വീട്ടിലേക്ക് കടന്നു വന്നു. ആര്‍പ്പുവിളികളെ കൊണ്ടു ശബ്ദമുഖരിതമായിരുന്നു അവിടം. മുകളിലേക്ക് കയറിയ ഗാന്ധി ജനാലയ്ക്കരികെ വന്നു എന്നോടു വരാന്‍ ആംഗ്യം കാണിച്ചു. ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഞങ്ങളിരുന്ന മുറിയിലാകെ കാമറ ഫ്‌ലാഷ് ലൈറ്റുകള്‍ മിന്നി. ഞങ്ങള്‍ ഒരു സോഫയിലിരുന്നു. ഞാന്‍ മഹാത്മാവിന്റെ വലതുവശത്തായിരുന്നു. എനിക്ക് അധികം ധാരണയില്ലാത്ത ഒരു വിഷയത്തെക്കുറിച്ച് ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറയേണ്ട അസ്വസ്ഥവും ഭയാനകവുമായ നിമിഷം ഇപ്പോള്‍ വന്നിരിക്കുകയാണെന്നു ഞാന്‍ മനസ്സിലാക്കി.

എന്റെ വലതുവശത്തിരുന്നിരുന്ന ഒരു യുവതി എന്നോട് കഥകള്‍ പറഞ്ഞുക്കൊണ്ടിരുന്നു. ഒരു സംഗതിയും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ലെങ്കിലും ഞാന്‍ തലകുലുക്കി എല്ലാം സമ്മതിച്ചുകൊടുത്തുക്കൊണ്ടിരുന്നു. പക്ഷെ എന്റെ മനസ്സില്‍ മുഴുവന്‍ ഗാന്ധിയോടു എന്തു പറയുമെന്ന ആകാംഷയായിരുന്നു.

ഞാന്‍ തന്നെ ആദ്യം സംഭാഷണത്തിന്റെ പന്തുരുട്ടണമോ അതോ മഹാത്മാ ഗാന്ധി എന്റെ അവസാനത്തെ സിനിമ എങ്ങനെ അദ്ദേഹം ആസ്വദിച്ചുവെന്നു എന്നോട് പറയുകയാണോ വേണ്ടതെന്നും എന്നും വിചാരിച്ചു. പക്ഷെ മഹാത്മാവ് സിനിമ കാണാറുണ്ടോ.

ഇതിനിടയില്‍ എന്നോട് നിറുത്താതെ വാചാലയായിരുന്ന ആ യുവതിയോടു, സംഭാഷണം നിറുത്താനും ഇനി ചാപ്ലിനും ഗാന്ധിയും തമ്മില്‍ സംസാരിക്കട്ടെയെന്നും ഗാന്ധിയുടെ സഹായിയായൊരു ഇന്ത്യന്‍ ഉരുക്കുവനിത ആജ്ഞാപിക്കുകയുണ്ടായി.

തിങ്ങിനിറഞ്ഞ മുറി പെട്ടെന്ന് നിശബ്ദമായി. മഹാത്മാവിന്റെ മുഖഭാവം കാത്തിരിപ്പിന്റെ ഒന്നായിരുന്നു. ഇന്ത്യ മുഴുവന്‍ എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നതായി എനിക്ക് തോന്നി. അങ്ങനെ ഞാന്‍ തൊണ്ട ശരിയാക്കി. സ്വാഭാവികമായും ഇന്ത്യയുടെ അഭിലാഷങ്ങളോടും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തോടും എനിക്ക് സഹതാപമുണ്ട്, ഞാന്‍ പറഞ്ഞു. എന്നിരുന്നാലും, യന്ത്രങ്ങളോടുള്ള നിങ്ങളുടെ എതിര്‍പ്പില്‍ ഒരു പരിധിവരെ ആശയക്കുഴപ്പത്തിലാണ്.

ഞാന്‍ സംസാരം തുടരവേ തന്നെ ഗാന്ധി എന്നെ നോക്കി മന്ദഹസിക്കുകയായിരുന്നു. ”എല്ലാറ്റിനുമുപരിയായി, യന്ത്രസാമഗ്രികള്‍ പരോപകാരപരപ്രദമായ വിധത്തിലാണ് ഉപയോഗിക്കുന്നതെങ്കില്‍, അത് മനുഷ്യനെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുകയും കുറച്ച് മണിക്കൂര്‍ മാത്രം അധ്വാനിക്കാനും അതിനാല്‍ കൂടുതല്‍ സമയം മനുഷ്യര്‍ക്ക് മനസ്സിനെ മെച്ചപ്പെടുത്താനും ജീവിതം ആസ്വദിക്കാനും ലഭിക്കുകയല്ലേ ചെയ്യുക?’

‘ഞാന്‍ മനസ്സിലാക്കുന്നു’ അദ്ദേഹം ശാന്തവും സൗമ്യവുമായ ശബ്ദത്തില്‍ പറഞ്ഞു. എന്നാല്‍, ഗാന്ധി തുടര്‍ന്നു പറഞ്ഞു, ഇന്ത്യക്ക് ആ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മുമ്പ് അവര്‍ ആദ്യം ഇംഗ്ലീഷ് ഭരണത്തില്‍ നിന്ന് സ്വയം രക്ഷപ്പെടണം. മുന്‍കാലങ്ങളിലെ യന്ത്രസാമഗ്രികള്‍ നമ്മെ ഇംഗ്ലണ്ടിനെ ആശ്രയിക്കുന്നവരാക്കി. ആ ആശ്രിതത്വത്തില്‍ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം യന്ത്രസാമഗ്രികള്‍ നിര്‍മ്മിച്ച എല്ലാ സാധനങ്ങളും ബഹിഷ്‌കരിക്കുക എന്നതാണ്. അതുകൊണ്ടാണ് ഓരോ ഇന്ത്യക്കാരനും സ്വന്തം പരുത്തി നൂല്‍ക്കുകയും സ്വന്തം തുണി നെയ്യുകയും ചെയ്യേണ്ടതെന്നത് നാം ദേശസ്‌നേഹമുള്ള കടമയാക്കി മാറ്റിയത്.

ഇംഗ്ലണ്ട് പോലെയുള്ള അതിശക്തമായ ഒരു രാഷ്ട്രത്തെ ആക്രമിക്കുന്നതിനുള്ള ഞങ്ങളുടെ രൂപമാണിത് – തീര്‍ച്ചയായും, മറ്റു കാരണങ്ങളുമുണ്ട്.

ഇംഗ്ലണ്ടില്‍ നിന്ന് വ്യത്യസ്തമായ കാലാവസ്ഥയാണ് ഇന്ത്യയുടേത്; ഇന്ത്യയുടെ ശീലങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമാണ്. ഇംഗ്ലണ്ടില്‍ തണുത്ത കാലാവസ്ഥയ്ക്ക് വന്‍കിട വ്യവസായുമുള്‍പ്പെടുന്ന സമ്പദ്വ്യവസ്ഥ ആവശ്യമാണ്. നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്ന വ്യവസായവും ആവശ്യമാണ്; ഞങ്ങള്‍ ഇന്ത്യക്കാര്‍ വിരലുകളാണുപയോഗിക്കുന്നത്. ഇതും അനേകതലത്തിലുള്ള വ്യത്യസ്തതയ്ക്കു കാരണമാകുന്നു’

ചാപ്ലിനും ഗാന്ധിയും

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തിലെ തന്ത്രപരമായ നീക്കങ്ങളുടെ വ്യക്തമായ പാഠം എനിക്ക് ഇതില്‍ നിന്നും ലഭിച്ചു. അത് നടപ്പിലാക്കാനുള്ള ഇരുമ്പിന്റെ ഇച്ഛാശക്തിയുള്ള യാഥാര്‍ത്ഥ്യബോധമുള്ള എന്നാല്‍ വൈരുദ്ധ്യപരമെന്നും (paradox) പറയാവുന്നതുമായ ചിന്താഗതിക്കാരനായ അദ്ദേഹത്തിന്റെ ദര്‍ശനത്താല്‍ പ്രചോദിതനായി. അനാവശ്യമായ കാര്യങ്ങളില്‍ നിന്ന് സ്വയം ഒഴിയുന്നതാണ് പരമോന്നത സ്വാതന്ത്ര്യമെന്നും ഹിംസ ഒടുവില്‍ സ്വയം നശിപ്പിക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ഒടുവില്‍ മുറിയില്‍ ആളൊഴിഞ്ഞുതുടങ്ങിയപ്പോള്‍ അവരുടെ പ്രാര്‍ത്ഥന കാണാന്‍ ആഗ്രഹമുണ്ടോ എന്നു ഗാന്ധി എന്നോടു ചോദിച്ചു. മഹാത്മാവ് തറയില്‍ കാലുകള്‍ മടക്കിയിരുന്നു, കൂടെയുള്ള അഞ്ച് പേര്‍ അദ്ദേഹത്തിന്റെ ചുറ്റുമിരുന്നു. അതൊരു കൗതുകകരമായ കാഴ്ചയായിരുന്നു. കുങ്കുമം പൂശിയ സൂര്യന്‍ മേല്‍ക്കൂരയ്ക്കു പിന്നില്‍ അതിവേഗം അസ്തമിക്കുമ്പോള്‍ ലണ്ടന്‍ ചേരികളുടെ ഹൃദയഭാഗത്തുള്ള ആ ചെറിയ മുറിയില്‍ ആറുപേരും തറയിലിരുന്നു പ്രാര്‍ത്ഥിക്കുകയായിരുന്നു.

ഞാന്‍ ഒരു സോഫയില്‍ ഇരുന്നു അവരെ നോക്കി. അവര്‍ താഴ്മയോടെ പ്രാര്‍ത്ഥനയില്‍ മുഴുകി. എന്തൊരു വൈരുദ്ധ്യവും അതിശയവുമാണ് (paradoxical). യാഥാര്‍ഥ്യബോധമുള്ള (realistic) നിയമത്തെക്കുറിച്ചു സൂക്ഷ്മമായി അറിയുന്ന എന്നാല്‍ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ ശരിയായി മനസ്സിലാക്കിയിട്ടുള്ള ഈ മനുഷ്യനെ ഞാന്‍ നീരീക്ഷിക്കവേ, അദ്ദേഹം പ്രാര്‍ത്ഥനാഗീതത്തില്‍ സ്വയം ലയിച്ചലിയുകയായിരുന്നു.

ഗാന്ധിയും ചാപ്ലിനും സിനിമയും

ഗാന്ധിയന്‍ പണ്ഡിതനും ഓസ്ട്രേലിയ മെല്‍ബോണിലെ ലെ ട്രോബ് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര പ്രഫസറുമായ തോമസ് വെബര്‍ ‘ഗാന്ധി ആദ്യത്തെ കാഴ്ച്ചയില്‍’ എന്ന അനേകം പേരുടെ ആദ്യ ഗാന്ധി സമാഗമത്തിന്റെ ഓര്‍മ്മകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകത്തില്‍ പറയുന്നത് ഗാന്ധിയും ചാപ്ലിനും ലോകപ്രശസ്ത വ്യക്തികളായിരുന്നെങ്കിലും ഗാന്ധിക്ക് ചാര്‍ളി ചാപ്ലിനെ അറിയുമായിരുന്നില്ല എന്നാണ്.

ചാപ്ലിനെ ആദ്യം കാണാനും പരിചയപ്പെടാനും ഗാന്ധി താല്പര്യം പ്രകടിപ്പിച്ചില്ല എന്നും ചിലര്‍ പറഞ്ഞതായി തോമസ് വെബര്‍ സൂചിപ്പിക്കുന്നു. ചാപ്ലിന്‍ വെറും കോമാളിയെന്നാണ് ഗാന്ധി ധരിച്ചുവെച്ചിരുന്നത്രെ. എന്നാല്‍ തൊഴിലാളി വര്‍ഗ നായകനാണ് ചാപ്ലിന്‍ എന്നാരോ പറഞ്ഞപ്പോള്‍ ഗാന്ധി പരിചയപ്പെടാന്‍ താല്പര്യം പ്രകടിപ്പിച്ചു.

1931 -ല്‍ ലണ്ടനില്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിയെയാണ് ചാര്‍ളി ചാപ്ലിന്‍ പരിചയപ്പെടാന്‍ ചെല്ലുന്നത്. ഗാന്ധി ലോകപ്രസിദ്ധനായിരുന്നു അപ്പോഴേക്കും. ഗാന്ധിയെ കാണാനും പരിചയപ്പെടാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രസിദ്ധരും സാധാരണക്കാരും വന്നുകൊണ്ടിരുന്നു .

ഗാന്ധിക്ക് സിനിമ എന്ന മാധ്യമത്തോടു വലിയ അഭിമുഖ്യമുണ്ടായിരുന്നില്ല. സിനിമകള്‍ ഗാന്ധിയുടെ സദാചാരസങ്കല്പങ്ങള്‍ക്കെതിരായിരുന്നുവെന്നാണ് ഗാന്ധിയുടെ നീരിക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചാല്‍ ചലച്ചിത്ര പ്രദര്‍ശനശാലകള്‍ തുണിനെയ്ത്തു മില്ലുകളായി പരിവര്‍ത്തനം ചെയ്യാന്‍ ഗാന്ധി താല്പര്യപ്പെട്ടിരുന്നുവെന്നും തോമസ് വെബര്‍ സൂചിപ്പിക്കുന്നു .

1944- മെയ് മാസം തൊട്ടുമുമ്പത്തെ വര്‍ഷത്തെ ഹോളിവുഡ് ക്ലാസ്സിക്കായ -മിഷന്‍ റ്റു മോസ്‌കോ- കാണാന്‍ ഗാന്ധിയെ സഹപ്രവര്‍ത്തകര്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആ ചലച്ചിത്രം കണ്ടു. ജൂണ്‍ മാസത്തില്‍ ‘രാമരാജ്യം’ എന്ന ഹിന്ദി സിനിമ കാണാനും ഗാന്ധിക്കുമേല്‍ പ്രേരണയുണ്ടായി.

ഈ സിനിമ കണ്ടതിനുശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: ‘നിങ്ങള്‍ക്ക് ഈ സിനിമ കണ്ടപ്പോള്‍ ചില നേട്ടമുണ്ടായിരിക്കാം. എന്നാല്‍ എനിക്ക് ചിലത് നഷ്ടപ്പെട്ടു’ എന്നാണ് രാമരാജ്യം സിനിമ കണ്ടതിനെക്കുറിച്ചു ഗാന്ധി പരിതപിച്ചത്.

സിനിമ എന്ന മാധ്യമത്തോടുതന്നെ ഒട്ടും ആഭിമുഖ്യം പുലര്‍ത്താത്ത ഗാന്ധിയുടെ 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ബയോപിക് ചലച്ചിത്രമാണ് അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയതെന്നാണ് സ്വയം പ്രഖ്യാപിത വിശ്വഗുരു നരേന്ദ്ര മോഡി പറയുന്നത്. ചരിത്രപരമായ വങ്കത്തം വ്യക്തിപരം മാത്രമാകണമെന്നില്ല ഹിന്ദുത്വ പ്രത്യശാസ്ത്രപരം കൂടിയാണ്. സവര്‍ക്കറൈറ്റ് ഹിന്ദുത്വത്തിന്റെ പ്രധാന ശത്രു ഗാന്ധിയായിരുന്നുവല്ലോ.

content highlights: Translation of the passage in Charlie Chaplin’s autobiography about Chaplin’s experience of meeting Gandhi