പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ അതിര്‍ത്തി ദ്വീപായ നോര്‍ത്ത് സെന്റിനെല്ലില്‍ അനുമതിയില്ലാതെ പ്രവേശിച്ച അമേരിക്കന്‍ പൗരന്റെ കസ്റ്റഡി നീളുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം ഇല്ല. ഇത് ലംഘിച്ചാണ് അമേരിക്കയിലെ അരിസോണ സ്വദേശിയായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് എന്ന യൂട്യൂബര്‍ ദ്വീപിലെത്തിയത്.
24 കാരനായ അമേരിക്കന്‍ യൂട്യൂബര്‍ നോര്‍ത്ത് സെന്റിനെല്‍ ദ്വീപിലെ ഗോത്രവിഭാഗത്തെ പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമായാണ് ദ്വീപിലെത്തിയത്. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 31ന് ഇദ്ദേഹം അറസ്റ്റിലായി. ഏപ്രില്‍ 29ന് ഇന്ത്യയുടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രാദേശിക കോടതിയില്‍ പോളിയാക്കോവിനെ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
യു.എസ് കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പോളിയാക്കോവിനെ ജയിലില്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ന്യൂദല്‍ഹിയിലെ യു.എസ് എംബസി ഒരു പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റങ്ങളാണ് പോളിയാക്കോവ് ചെയ്തതെന്നാണ് സൂചന.
നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ കാലുകുത്തിയതിന് പിന്നാലെ ഗോത്രവിഭാഗവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗോത്രവിഭാഗത്തിന് വഴിപാടായി ഒരു ടിന്‍ ഡയറ്റ് കോക്കും ഒരു തേങ്ങയും യുവാവ് ദ്വീപില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ദ്വീപിന്റെ വീഡിയോ തന്റെ ക്യാമറയില്‍ പകര്‍ത്തി കുറച്ച് മണലുകള്‍ ശേഖരിച്ചുമാണ് പോളിയാക്കോവ് തന്റെ ബോട്ടിലേക്ക് മടങ്ങിയത്.
ഇതൊരു സാഹസിക യാത്രയാണെങ്കിലും യൂട്യൂബര്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് പോര്‍ട്ട് ബ്ലെയറിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യാത്ര ആരംഭിക്കുന്നതിന് മുമ്പ് പോളിയാക്കോവ് സമുദ്രത്തിന്റെ നിലവിലെ സാഹചര്യം, വേലിയേറ്റം, ദ്വീപിലേക്കുള്ള പ്രവേശനം എന്നിവയെക്കുറിച്ച് വിശദമായ ഗവേഷണം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദ്വീപ് നിവാസികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഒരു വിസില്‍ മുഴക്കി ഒരു മണിക്കൂറോളം പോളിയോക്കോവ് കടല്‍ത്തീരത്ത് കറങ്ങി. പക്ഷേ ദ്വീപുവാസികളില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല.
തിരിച്ചെത്തിയപ്പോള്‍ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ അദ്ദേഹത്തെ കാണുകയും അവര്‍ അധികാരികളെ അറിയിക്കുകയും ചെയ്തു. പിന്നീട് പോര്‍ട്ട് ബ്ലെയറില്‍ വച്ച് പോളിയാക്കോവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന നോര്‍ത്ത് സെന്റിനല്‍ ദ്വീപിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശകര്‍ക്ക് യാത്ര ചെയ്യാന്‍ വിലക്കുണ്ട്. വനപ്രദേശങ്ങള്‍ നിറഞ്ഞ ഈ ചെറിയ ദ്വീപില്‍ ചുറ്റിത്തിരിയുന്ന മൃഗങ്ങളെ വേട്ടയാടാന്‍ ദ്വീപ് നിവാസികള്‍ കുന്തങ്ങളും വില്ലുകളും അമ്പുകളും ഉപയോഗിക്കുന്നു. പുറത്തുനിന്നുള്ളവര്‍ ദ്വീപിലെത്തിയാല്‍ ഇവര്‍ അവരെ ആക്രമിക്കും.
2018ല്‍, കടല്‍ത്തീരത്ത് അനധികൃതമായി ഇറങ്ങിയ ഒരു അമേരിക്കന്‍ മിഷനറിയെ ദ്വീപുവാസികള്‍ അമ്പെയ്ത് കൊലപ്പെടുത്തി മൃതദേഹം കടല്‍ത്തീരത്ത് കുഴിച്ചിട്ടിരുന്നു. 2006ല്‍, അബദ്ധത്തില്‍ കരയില്‍ ഇറങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികളെയും അവര്‍ കൊലപ്പെടുത്തിയിരുന്നു.
Content Highlight: American YouTuber who entered isolated island in Indian Ocean without permission; custody extended