അഞ്ജലി അമീറിന് ശേഷം മറ്റൊരു ട്രാന്‍സ്‌വുമണ്‍ കൂടി മലയാളസിനിമയിലേക്ക് നായികയായെത്തുകയാണ്, മലപ്പുറം സ്വദേശിയായ റിയ ഇഷ. അഞ്ചാം അധ്യായം എന്ന ചിത്രത്തിലാണ് റിയ കേന്ദ്രകഥാപാത്രങ്ങളിലൊരാളായി എത്തുന്നത്. വെറുമൊരു അഭിനയമോഹമല്ല, റിയക്ക് സിനിമ. ‘ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കണമെങ്കില്‍ ആവശ്യത്തിന് പബ്ലിസിറ്റി വേണം. അല്ലെങ്കില്‍ വഴിയില്‍ പോകുന്നവരൊക്കെ ചാന്ത്‌പ്പൊട്ടെന്നും ഒമ്പതെന്നും ഒക്കെ വിളിക്കും. സിനിമയിലേക്ക് എത്തിയാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കുറച്ചൂ കൂടെ നല്ല ദൃശ്യത ലഭിക്കുകയും ആളുകളുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും മാറ്റം വരികയും ചെയ്യും.’ റിയ ഇഷയുടെ വ്യക്തമായ നിലപാടുകള്‍.
കേരളത്തില്‍ ആദ്യമായി ജ്വല്ലറിയുടെ പരസ്യത്തില്‍ മോഡല്‍ കൂടിയായിരിക്കുകയാണ് റിയ ഇഷ. പെരിന്തല്‍മണ്ണയിലെ ദുബായ് ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ പരസ്യത്തിലാണ് റിയ മോഡലായി എത്തിയത്.
2018ല്‍ മലപ്പുറം ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിരുദവിദ്യാര്‍ത്ഥിനിയായി മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പഠനം ആരംഭിച്ച മുതലാണ് റിയ ഇഷ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ തന്നെ മലപ്പുറം ജില്ല ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗമായും അദാലത്ത് ജഡ്ജിയായിമൊക്കെ റിയ പ്രവര്‍ത്തിച്ചിരുന്നു.
ബി.എ എക്കണോമിക്‌സ് പഠനം ആരംഭിച്ച സമയത്ത് താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റിയ മുന്നിട്ടറിങ്ങയത് വിദ്യാഭ്യാസ മേഖലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് പുതിയ വഴികള്‍ തുറക്കുകയായിരുന്നു. ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രത്യേകം ടോയ്‌ലറ്റുകള്‍ നടപ്പിലാക്കിയത് മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഡി-സോണ്‍, ഇന്റര്‍ സോണ്‍ കലോത്സവങ്ങളിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റിലും ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറി ആരംഭിക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു. കൂടുതല്‍ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് റിയ ഇഷ.
‘ഓരോ കാര്യവും നേരത്തെ തീരുമാനിച്ചുറപ്പിച്ച് ഇതുപോലെയാകണം എന്നു കരുതിയൊന്നുമല്ല ചെയ്യുന്നത്. ഓരോ സമയത്തും ആവശ്യമെന്ന് തോന്നിയ കാര്യങ്ങള്‍ ചെയ്യുന്നു.’ റിയ പറയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ വീടുകളില്‍ നിന്ന് പീഡനമനുഭവിക്കുന്നവരെ സഹായിക്കാനും അവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യങ്ങള്‍ ഒരുക്കാനും റിയ ഇഷ പ്രവര്‍ത്തിക്കുന്നുണ്ട്.
വ്യത്യസ്തങ്ങളായ മേഖലകളില്‍ ഇടപെട്ട് കഴിവ് തെളിയിച്ചെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഖല സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്നാണ് റിയ പറയുന്നത്. ‘മറ്റുള്ളവരെ സഹായിക്കാനാകുന്നതില്‍ തന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിക്കുന്നത്.’
ഇന്നു കാണുന്ന റിയ ഇഷയിലേക്കെത്താന്‍ അവര്‍ താണ്ടിയ വഴികള്‍ കൂടി അറിഞ്ഞാലേ ഈ ഇരുപത്താറുകാരിയുടെ ജീവിതത്തിന്റെ ആഴം നമുക്ക് മനസ്സിലാകൂ.
കൂരാച്ചുണ്ടിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ ഒമ്പത് മക്കളില്‍ ഇളയകുട്ടിയായി ജനിച്ച റിയ ബാംഗ്ലൂരിലെ ഫാഷന്‍ ഡിസൈനിംഗ് പഠനക്കാലത്താണ് തന്റെ ലിംഗസ്വത്വത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്. നിരന്തരമായ കളിയാക്കലുകള്‍ നേരിട്ട്, സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള സംശയങ്ങളിലൂടെയും കനത്ത മാനസിക സമ്മര്‍ദങ്ങളിലൂടെയുമായിരുന്നു റിയയുടെ ഈ ആദ്യ കോളേജ് കാലം കടന്നുപോയത്. ഡോക്ടര്‍മാരില്‍ നിന്നും കൗണ്‍സിലര്‍മാരില്‍ നിന്നുമൊന്നും വ്യക്തമായ മറുപടി ലഭിക്കാതായത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി.
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വീട്ടിലെത്തിയ ശേഷം, എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാഹമെന്ന ഒറ്റ നിര്‍ദേശമായിരുന്നു വീട്ടുകാര്‍ മുന്നോട്ടുവെച്ചത്. പിന്നീട് ഇത് വലിയ നിര്‍ബന്ധമായ സമയത്താണ് റിയ ജോലി നേടി എറണാകുളത്തേക്ക് മാറി താമസിക്കുന്നത്.
പിന്നീട് സര്‍ജറിക്ക് ശേഷം വീട്ടുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പ് തന്നെയായിരുന്നു റിയക്ക് നേരിടേണ്ടി വന്നത്. തന്നെ കാണാന്‍ വന്ന ഉമ്മയും സഹോദരിയും ഒരുപാട് നേരം കരഞ്ഞത് റിയ ഇന്നും ഓര്‍ക്കുന്നു. ‘മരിച്ചാല്‍ പള്ളിയിലടക്കാന്‍ സാധിക്കില്ലല്ലോ എന്നായിരുന്നു ഉമ്മ കണ്ണീരോടെ ചോദിച്ചത്. മുസ്ലിം കുടുംബങ്ങളില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറുണ്ടായാല്‍, തന്റെ ലൈംഗികസ്വത്വത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചാല്‍ കുടുംബം മുഴുവന്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും, പ്രത്യേകിച്ച് പള്ളിയില്‍ നിന്നും.’
കുടുംബത്തില്‍ നിന്ന് ഇപ്പോഴും എതിര്‍പ്പുകളൊക്കെയുണ്ടെങ്കിലും പലരും തന്നെ അംഗീകരിച്ച് തുടങ്ങിയെന്ന് റിയ സന്തോഷത്തോടെ പറയുന്നു. പഴയ സുഹൃത്തുക്കള്‍ ‘ഇനി മുതല്‍ നീ ഞങ്ങളുടെ കൂട്ടുകാരിയായിരിക്കും’ എന്ന് പറയുന്നത് കേള്‍ക്കുന്നതായിരിക്കും തന്നെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമെന്നും റിയ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഏറ്റവും വലിയ പിന്തുണയായത് സുഹൃത്തുക്കള്‍ തന്നെയായിരുന്നെന്നും റിയ കൂട്ടിച്ചേര്‍ക്കുന്നു.
സംശയത്തിന്റെയും സമ്മര്‍ദത്തിന്റെയും കുത്തുവാക്കുകളുടെയും നാളുകള്‍ക്ക് ശേഷം ഇന്ന് റിയ ഇഷ തന്റെ വ്യക്തിത്വത്തില്‍ പൂര്‍ണ്ണമായും അഭിമാനിക്കുന്നു. ‘എനിക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടാനായതും പ്രവര്‍ത്തിക്കാനായതും റിയ ഇഷയിലൂടെ തന്നെയാണത്. ‘സമൂഹം പറയുന്ന ആണ്‍കുട്ടി’യായിരുന്ന കാലത്തെക്കുറിച്ച് ഞാനിന്ന് ഓര്‍ക്കുന്നു പോലുമില്ല. റിയ ഇഷയായി തന്നെയായിരിക്കും ഇനിയുള്ള എന്റെ ജീവിതവും പ്രവര്‍ത്തനവുമെല്ലാം.’
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക