ട്രേഡ് മാർക്ക് ലംഘനം; പൂനെ ആസ്ഥാനമായുള്ള ഭക്ഷണശാലക്കെതിരായ കേസിൽ ബർഗർ കിങ്‌ പരാജയപ്പെട്ടു
national news
ട്രേഡ് മാർക്ക് ലംഘനം; പൂനെ ആസ്ഥാനമായുള്ള ഭക്ഷണശാലക്കെതിരായ കേസിൽ ബർഗർ കിങ്‌ പരാജയപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 4:25 pm

പൂനെ: ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് യു.എസ് ഭീമൻ ബർഗർ കിങ് കോർപറേഷൻ പൂനെ ആസ്ഥാനമായുള്ള ബർഗർ കിങിനെതിരെ നടത്തിയ 13 വർഷം പഴക്കമുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ടു.

യു.എസ് ബർഗർ കിങ് കോർപറേഷൻ ഇന്ത്യയിൽ സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പുതന്നെ പൂനെ നഗരത്തിൽ ‘ബർഗർ കിങ്‌’ എന്ന ഭക്ഷണശാല പ്രവർത്തിച്ചിരുന്നുവെന്ന് കോടതി പറഞ്ഞു. അതിനാൽ പ്രാദേശിക ഭക്ഷണശാല യു.എസ് ബർഗർ കിങ്ങിന്റെ ട്രേഡ്മാർക്ക് ലംഘിച്ചുവെന്ന് പറയാൻ സാധിക്കില്ലെന്ന് പൂനെ ജില്ലാ ജഡ്ജി സുനിൽ വേദ്പഥക് പറഞ്ഞു.

2011ൽ ബർഗർ കിങ് കോർപ്പറേഷൻ സമർപ്പിച്ച സ്യൂട്ട് കോടതി തള്ളുകയായിരുന്നു. തങ്ങളുടെ വ്യാപാര മുദ്ര പൂനെ ആസ്ഥാനമായ ബർഗർ കിങ് ഉപയോഗിച്ചെന്നും തങ്ങളുടെ ട്രേഡ്മാർക്ക് ഉപയോഗിക്കുന്നത് തടയണം. അതോടൊപ്പം പൂനെ ആസ്ഥാനമായുള്ള ബർഗർ കിംഗ് ഫുഡ് ജോയിൻ്റ് ഉടമകളായ അനാഹിത ഇറാനി, ഷപൂർ ഇറാനി എന്നിവർ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് കേസ്.

2014-ൽ ബർഗർ കിങ് കോർപ്പറേഷൻ ഇന്ത്യയിൽ റെസ്റ്റോറൻ്റുകൾ വഴി സേവനങ്ങൾ നൽകാൻ തുടങ്ങി. എന്നാൽ 1991-92 മുതൽ തന്നെ പൂനെ ആസ്ഥാനമായ ഭക്ഷണശാല ബർഗർ കിങ് എന്ന ട്രേഡ്മാർക്കിൽ സേവനങ്ങൾ നൽകി വരുന്നുണ്ട്.

‘കുറ്റാരോപിതർ 1992 മുതൽ അവരുടെ റെസ്റ്റോറൻ്റിന് ബർഗർ കിങ് എന്ന ട്രേഡ് നാമം നൽകിയിട്ടുണ്ട്. അവർ അവരുടെ റെസ്റ്റോറൻ്റിന്റെ ട്രേഡ് മാർക്ക് ആയി ബർഗർ കിങ് ഉപയോഗിക്കുന്നത് കാരണം ബർഗർ കിങ് കോർപറേഷന്റെ ഉപഭോക്താക്കൾ എങ്ങനെ ആശയക്കുഴപ്പത്തിലായി എന്ന കോടതിയെ ബോധ്യപ്പെടുത്താൻ കമ്പനിക്ക് സാധിച്ചില്ല,’ കോടതി പറഞ്ഞു.

പൂനെയിൽ റസ്റ്റോറൻ്റ് നടത്തുന്ന തദ്ദേശീയ ബർഗർ കിങ്, ബർഗർ കിങ് കോർപറേഷന്റെ വ്യാപാരമുദ്ര ലംഘിച്ചുവെന്ന് തെളിയിക്കുന്നതിൽ കോർപ്പറേഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.

 

കുറ്റാരോപിതരുടെ കമ്പനിമൂലം യഥാർത്ഥ കമ്പനിക്ക് നാശനഷ്ടം ഉണ്ടായി എന്ന തെളിയിക്കാൻ സാധിക്കാത്തതിനാൽ ബർഗർ കിങ് കോർപറേഷന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ദുരുദ്ദേശ്യത്തോടെയാണ് ബർഗർ കിങ് കോർപറേഷൻ ഈ കേസ് ഫയൽ ചെയ്തതെന്നും സത്യസന്ധരായ ഉപയോക്താക്കളും ചില്ലറ വ്യാപാരികളെയും നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണിതെന്നും ഇറാനികൾ പറഞ്ഞു. ബർഗർ കിങ് എന്ന പേരിൽ മാത്രമേ സാമ്യം ഉള്ളു എന്നും ബർഗർ കിങ് കോർപറേഷന്റെ ട്രേഡ്മാർക്കുമായി തങ്ങളുടെ ട്രേഡ്മാർക്കിന് യാതൊരുവിധ സാമ്യവും ഇല്ലെന്നും ഇറാനികൾ കൂട്ടിച്ചേർത്തു.

കേസ് ഫയൽ ചെയ്തത് മുതൽ ബർഗർ കിങ് കോർപറേഷൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഇറാനികൾ ആരോപിച്ചു.
തങ്ങൾ അനുഭവിച്ച മാനസിക സംഘർഷത്തിന് പകരമായി 20 ലക്ഷം രൂപ നഷ്ടപരിഹാരം അവർ യു.എസ് കമ്പനിയോട് ആവശ്യപ്പെട്ടു.

 

 

Content Highlight: Trademark infringement: Burger King loses legal battle against namesake Pune eatery