ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ട്രേഡ് യൂണിയനുകള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കും. രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളും സ്വതന്ത്ര സംഘടനകളും ചേര്‍ന്ന് വെള്ളിയാഴ്ച്ച നടത്തിയ വെര്‍ച്ച്വല്‍ യോഗത്തിലാണ് രാജ്യവ്യാപക പണിമുടക്കുമായി ബന്ധപ്പെട്ട് തീരുമാനമായത്.
പാര്‍ലമെന്റ് തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഇല്ലാതാക്കുന്ന നാല് ലേബര്‍ കോഡുകള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ കഷ്ടമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യുണിയന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജി.സഞ്ജീവ റെഡ്ഡി പറഞ്ഞു. രാജ്യത്തെ തൊഴിലാളികള്‍ അറുപത് വര്‍ഷത്തോളമുള്ള പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ലേബര്‍ കോഡ് സമരം ചെയ്യാനുള്‍പ്പെടെയുള്ള തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ്.
ഒക്കുപ്പേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ്ങ് കണ്‍ഡീഷന്‍സ് കോഡ് 2020, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി എന്നിവ രാജ്യസഭയിലും പാസായിരുന്നു. തൊഴിലാളികളുടെ നിയന്ത്രണം, തൊഴിലാളിയും തൊഴില്‍ ദാതാവുമായുള്ള ബന്ധം തുടങ്ങിയ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിലും അവകാശത്തിലും നിര്‍ണായക മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ ലേബര്‍ കോഡ്.
300 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുള്ള തൊഴിലാളികളെ പിരിച്ചുവിടാനോ ലേ ഓഫ് ചെയ്യാനോ ഇനിമുതല്‍ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട എന്നതാണ് പുതിയ ലേബര്‍ കോഡിലെ മറ്റൊരു പ്രധാന വ്യവസ്ഥ. നേരത്തെ 100 പേരുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trade Union call strike on nov 26 against labour law